അട്ടപ്പാടി ബദൽറോഡ് നിർമാണം എങ്ങുമെത്തിയില്ല
1547082
Thursday, May 1, 2025 1:12 AM IST
മണ്ണാർക്കാട്: മണ്ണാർക്കാട് നിന്നും അട്ടപ്പാടിയിലേക്കുള്ള ഏകമാർഗമായ അട്ടപ്പാടി ചുരം റോഡ് നിർമാണം എങ്ങുമെത്താതെ ജനം ദുരിതത്തിൽ. റോഡിൽ എന്തെങ്കിലും തടസങ്ങൾ ഉണ്ടായാൽ ദിവസങ്ങളോളം ഗതാഗതം മുടങ്ങുന്ന പതിവ് മഴക്കാലങ്ങളിൽ പതിവാണ്. മഴ കനത്താൽ ചുരം ഇടിയുന്നതാണ് ഗതാഗതതടസത്തിന് കാരണമാവാറുള്ളത്. ഈ പ്രതിസന്ധി മറികടക്കാനാണ് കാഞ്ഞിരത്തു നിന്നും മുക്കാലിയിൽ എത്തുന്ന ബദൽ റോഡിന് പദ്ധതി തയ്യാറാക്കിയത്.
കെ. ശാന്തകുമാരി എംഎൽഎയുടെ നേതൃത്വത്തിൽ പൊതുമരാമത്ത്, വനംവകുപ്പ് അധികൃതരും ചേർന്ന് കാഞ്ഞിരത്തുനിന്നും മുക്കാലി വരെ നടന്ന് സ്ഥലം സന്ദർശിക്കുകയും റിപ്പോർട്ട് തയ്യാറാക്കി സർക്കാറിന് നൽകുകയും ചെയ്തിരുന്നു. കുറച്ചുഭാഗം വനംവകുപ്പ് വിട്ടു നൽകേണ്ടതുണ്ട്. ഇതിനായി വനംവകുപ്പിനും നിവേദനം നൽകിയിരുന്നു. എന്നാൽ വർഷം മൂന്ന്കഴിഞ്ഞിട്ടും ഒരു അനക്കവുമില്ല.
അതേസമയം എൻ. ഷംസുദ്ദീൻ എംഎൽഎയുടെ നേതൃത്വത്തിൽ തെങ്കര മെഴുകുംപാറയിൽ നിന്നും മുക്കാലിയിൽ എത്തുന്ന മറ്റൊരു ബദൽറോഡിനെ കുറിച്ചും ചർച്ചയായിരുന്നു. ഈ പദ്ധതിയും വെളിച്ചം കണ്ടിട്ടില്ല.
മൂന്നുവർഷം മുമ്പ് ചുരം റോഡ് ഇടിയുകയും ഒരാഴ്ചയിലധികം അട്ടപ്പാടിയിലേക്ക് പൂർണമായും ഗതാഗതതടസം സൃഷ്ടിക്കുകയും ചെയ്തിരുന്നു. ഈ സമയത്താണ് രണ്ട് ബദൽറോഡുകളും ചർച്ചയാവുകയും എംഎൽഎമാർ ഇടപെടുകയും സർക്കാറിന് റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തത്.