റബർ ആവർത്തനകൃഷിക്ക് തയാറെടുപ്പുകൾ തുടങ്ങി
1547976
Monday, May 5, 2025 1:57 AM IST
നെന്മാറ: റബർ ആവർത്തനകൃഷിക്ക് തയാറെടുപ്പുകൾ തുടങ്ങിയതോടെ റബർതൈകൾക്കു വില വർധിച്ചു തുടങ്ങി. നിശ്ചിതവർഷത്തെ ടാപ്പിംഗും സ്ലോട്ടർ ടാപ്പിംഗിനുംശേഷം വേനൽമഴ ലഭിച്ചതോടെ ആവർത്തനകൃഷി നടത്തുന്നതിനു നിലമൊരുക്കലും തുടങ്ങി.
തൈകൾക്ക് ആവശ്യക്കാർ എത്തിത്തുടങ്ങിയതോടെ റബർനഴ്സറികളിൽ വില കുതിച്ചുയരുകയാണ്. മുൻവർഷങ്ങളിൽ നൂറുരൂപയിൽതാഴെ വിലയ്ക്കുവിറ്റിരുന്ന തൈകൾക്കു 110 - 120 രൂപ നിരക്കാണ് നഴ്സറി ഉടമകൾ വില പറയുന്നത്.
കഴിഞ്ഞവർഷം മരങ്ങൾ വെട്ടിമാറ്റിയ കർഷകർ ഒക്ടോബർ, നവംബർ മാസങ്ങളിൽ റബർതൈകൾക്ക് 65 രൂപ മുതൽ 75 വരെ നിരക്കിൽ 50 ശതമാനം വില വാങ്ങിയാണ് നഴ്സറികൾ തൈകൾ ബുക്കുചെയ്ത് നൽകിയിരിക്കുന്നത്.
ഇപ്പോൾ ബുക്ക് ചെയ്യുന്നവർക്ക് 90 രൂപയ്ക്ക് മുകളിലാണ് നഴ്സറി ഉടമകൾ വിലപറയുന്നത്. ജൂൺ ആദ്യവാരം മൂന്നുതട്ടുകൾ വളർന്ന തൈകൾ മുൻകൂർ ബുക്കുചെയ്തവർക്ക് തൈകൾ വിതരണം ചെയ്തു തുടങ്ങും.
ആർആർഐഐ 105, 400 സീരീസുകളിലുള്ള തൈകളാണ് നഴ്സറികളിൽ ലഭ്യമായിരിക്കുന്നത്. 105 ഇനം തൈകൾക്കാണ് ആവശ്യക്കാർ കൂടുതലുള്ളത്. കഴിഞ്ഞ രണ്ടുവർഷമായാണ് വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലേക്ക് തൈകൾ കയറ്റിഅയക്കാൻ തുടങ്ങിയതോടെ വിലവർധന ആരംഭിച്ചത്.
മൂന്നുവർഷം മുമ്പ് വരെ 65 രൂപയിൽ കൂടുതൽ വിലയുണ്ടായിരുന്നില്ല. റബർബോർഡ് നേരത്തെ ബ്രൗൺ ബഡ് സ്റ്റമ്പുകളും, ബഡുകളും കർഷകർക്ക് കാഞ്ഞിക്കുളത്തുള്ള നഴ്സറിയിൽ നിന്ന് സബ്സിഡി നിരക്കിൽ നൽകിയിരുന്നു.
കുറച്ചുകാലമായി കൂടതൈകൾ സർവ്വസാധാരണമായതോടെ റബർബോർഡ് തൈകളുടെ വില്പനയും നിർത്തിവച്ചു. കൂടകളിൽ നിറയ്ക്കുന്ന മണ്ണിന്റെ വിലവർധിച്ചതും തൊഴിലാളി കൂലി, വേനൽക്കാല പരിചരണം തുടങ്ങിയവ വർധിച്ചതാണ് വിലവർധനയ്ക്കു കാരണമെന്ന് നഴ്സറി ഉടമകൾ പറയുന്നു. പ്രധാനമായും മംഗലംഡാം, മുടപ്പല്ലൂർ, വടക്കഞ്ചേരി, ചേലക്കര, മുണ്ടൂർ, കല്ലടിക്കോട് തച്ചമ്പാറ, മണ്ണാർക്കാട് മേഖലകളിലാണ് റബർതൈകൾ കൂടുതൽ ഉത്പാദിപ്പിക്കുന്നത്.