പഴയ മണ്ണൂർ വില്ലേജ് ഓഫീസ് കെട്ടിടം നശിച്ചുതീരുന്നു
1547977
Monday, May 5, 2025 1:57 AM IST
ഒറ്റപ്പാലം: മണ്ണൂർ പഴയ വില്ലേജോഫീസ് കെട്ടിടം സാമൂഹ്യ വിരുദ്ധരുടെ താവളമായി മാറി. കിഴക്കുംപുറത്ത് പുതിയ സ്മാർട്ട് വില്ലേജോഫീസ് പ്രവർത്തനം തുടങ്ങിയതോടെയാണ് പഴയ വില്ലേജോഫീസ് കെട്ടിടം ഉപയോഗിക്കാതെയായത്.
ഒട്ടേറെ വീടുകളുടെ സമീപത്തായുള്ള പഴയ വില്ലേജോഫീസ് കെട്ടിടത്തിന് ചുറ്റും കാടുപിടിച്ച് കിടക്കുകയാണെന്നും ഇഴജന്തുക്കൾ നിറഞ്ഞതായും രാത്രിയിൽ മദ്യപാനികളുടെ താവളമാണിതെന്നും പരിസരവാസികൾ പരാതിപ്പെടുന്നു.
പഞ്ചായത്തിലെ ഏക വില്ലേജ് സ്മാർട്ടായിട്ടും സേവനംലഭിക്കാൻ കാലതാമസം നേരിടുന്നതായും പരാതിയുണ്ട്. വില്ലേജ് പരിധിയിലെ ആളുകളുടെ എണ്ണം കൂടുതലുള്ളതാണ് സേവനം വൈകുന്നതിന് കാരണമായി പറയുന്നത്. പുതിയ ഓഫീസ് വന്നതോടെ, വില്ലേജിന്റെ ഒരറ്റത്തുള്ളവർക്ക് വില്ലേജോഫീസിലെത്താൻ രണ്ട് ബസ് കയറണമെന്നും പരാതിയുണ്ട്. മണ്ണൂരിലെ പഴയ വില്ലേജ് കെട്ടിടം ഉപയോഗപ്പെടുത്തി പഞ്ചായത്തിൽ പുതിയൊരു വില്ലേജ് തുടങ്ങാൻ നടപടിവേണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്.