പാലക്കയം- കോട്ടയം കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് സർവീസ് പുനഃരാരംഭിച്ചു
1547988
Monday, May 5, 2025 1:58 AM IST
പാലക്കയം: കഴിഞ്ഞ 31 വർഷം തുടർച്ചയായി കോട്ടയത്തുനിന്ന് പാലക്കയത്തേക്കും പാലക്കയത്തുനിന്ന് കോട്ടയത്തേക്കും സർവീസ് നടത്തിയിരുന്ന കെഎസ്ആർടിസി സൂപ്പർഫാസ്റ്റ്ബസ് കഴിഞ്ഞ 11 മാസമായി നിർത്തിവച്ചതിനുശേഷം കഴിഞ്ഞദിവസം പുനരാരംഭിച്ചു.
ബസ് ഇന്നലെ പാലക്കയത്തെത്തി. ബാലകൃഷ്ണപിള്ള ഗതാഗത മന്ത്രിയായിരിക്കേയാണ് പാലക്കയംകാരുടെ യാത്രാദുരിതം നേരിട്ടുമനസിലാക്കി 1994 ഫെബ്രുവരി മാസത്തിൽ ബസ് അനുവദിച്ചത്.
പാലക്കയം- കോട്ടയം ബസ് സർവീസ് ആരംഭിച്ചതിനുശേഷം പാലക്കയം, ചീനിക്കപാറ, വട്ടപ്പാറ, വഴിക്കടവ്, മുണ്ടനാട്, തരിപ്പപ്പതി, വാക്കോടൻ, നിരവ്, ഇരുമ്പകച്ചോല, പൂഞ്ചോല, പൊറ്റശ്ശേരി, കാഞ്ഞിരം തുടങ്ങിയ കുടിയേറ്റ മേഖലയിലെ ആയിരക്കണക്കിന് കുടുംബങ്ങൾക്കു ഏറെ ഗുണപ്രദമായിരുന്നു.
ഇവിടെനിന്നും പഠനത്തിനുംജോലിക്കും മറ്റാവശ്യങ്ങൾക്കുമായി പാലക്കാട്, തൃശൂർ, അങ്കമാലി, മൂവാറ്റുപുഴ, കൂത്താട്ടുകുളം, പാലാ, കോട്ടയം തുടങ്ങിയ സ്ഥലങ്ങളിലേയ്ക്കു സഞ്ചരിക്കുന്നവർക്ക് വലിയ ഉപകാരമായിരുന്നു ഈ സർവീസ്.
ഈ മേഖലയിലെ ഒട്ടുമിക്ക കുടുംബങ്ങളും കോട്ടയം, പാലാ, കുറവിലങ്ങാട്, കൂത്താട്ടുകളം തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് ഇവിടേക്കു കുടിയേറിയവരായതുകൊണ്ടുതന്നെ കോട്ടയംയാത്രക്ക് സർവീസ് ഗുണകരമായിരുന്നു. കോട്ടയം ഡിപ്പോയിൽ ഏറ്റവുമധികം കളക്്ഷൻ ലഭിച്ചു കൊണ്ടിരിക്കുന്ന സർവീസാണിത്. ശരാശരി ഒരു ദിവസം 45000 മുതൽ 56000 വരെ കളക്്ഷൻ ലഭിച്ചിരുന്നു. എന്നാൽ കഴിഞ്ഞ 11 മാസമായി ഈ ബസ് സർവ്വീസ് പാലക്കയത്തേക്കു വരുന്നതു നിർത്തലാക്കിയിരുന്നു.
ബസ് സ്വിഫ്റ്റ് വിഭാഗത്തിൽപെടുത്തിയെന്നും കാഞ്ഞിരപ്പുഴ- പാലക്കയംറോഡിൽ ചെറിയ നിലംപതി ചപ്പാത്തുകളിൽ അടിതട്ടുമെന്നുമൊക്കെയായിരുന്നു സർവീസ് മുടക്കിയതിനു അധികൃതർ കാരണമായി പറഞ്ഞത്. എന്നാൽ പാലക്കയത്തേക്ക് ഇതേ റോഡിൽ വോൾവോ ബസുകൾ കല്യാണ ആവശ്യങ്ങൾക്കും ടൂറിസ്റ്റ് ആവശ്യങ്ങൾക്കുമായി എത്താറുണ്ട്. കാഞ്ഞിരപ്പുഴ -ചിറക്കൽപടി റോഡ് അന്താരാഷ്ട്ര നിലവാരത്തിലുയർന്ന് കാഞ്ഞിരപ്പുഴ ഉദ്യാനം വലിയ പ്രൗഡിയോടെ ഉയർന്നു നിൽക്കുമ്പോൾ സർവീസിനു അത്രമേൽ പ്രാധാന്യമാണ് കല്പിക്കപ്പെടുന്നത്.
മാത്രമല്ല വർഷങ്ങളായി ഈ ബസിലെ ജീവനക്കാരായ ഡ്രൈവർക്കും കണ്ടക്ടർക്കും സെന്റ് മേരീസ് ഇടവകപള്ളി പ്രത്യേക താമസസൗകര്യവും അനുവദിച്ചിട്ടുണ്ട്. ബസ് സർവീസ് പുനരാരംഭിച്ചതിൽ സന്തോഷത്തിലാണ് പ്രദേശവാസികൾ.