അന്പലപ്പാറയിലേക്ക് കൂടുതൽ കെഎസ്ആർടിസി ബസുകൾ അനുവദിക്കണമെന്നു മുറവിളി
1547979
Monday, May 5, 2025 1:58 AM IST
മണ്ണാർക്കാട്: കെഎസ്ആർടിസി മണ്ണാർക്കാട് സബ്ഡിപ്പോയിൽ നിന്നും മലയോരമേഖലയായ തിരുവിഴാംകുന്ന് അമ്പലപ്പാറയിലേക്കു കെഎസ്ആർടിസി ബസ് കൂടുതൽ അനുവദിക്കണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു.
യാത്രക്കാരുടെ തിരക്കുള്ള റൂട്ടുകളിൽ ഒന്നാണ് മണ്ണാർക്കാട്- തിരുവിഴാംകുന്ന്- അമ്പലപ്പാറ റൂട്ട്. എന്നാൽ കെഎസ്ആർടിസി രണ്ടുറൂട്ട് മാത്രമാണ് ഈ വഴി ഓടുന്നത്. വൈകുന്നേരം 4.15ന് മണ്ണാർക്കാട്ടുനിന്നും യാത്ര തുടങ്ങുന്ന ബസ് 5.30ന് അമ്പലപ്പാറയിലെത്തി മണ്ണാർക്കാട്ടേക്കുതന്നെ യാത്രതിരിക്കും. തുടർന്ന് രാത്രി ഒമ്പതിന് മണ്ണാർക്കാട്ടുനിന്നും തിരുവിഴാംകുന്നുവരെ ഒരുറൂട്ട് കൂടിയുണ്ട്.
എന്നാൽ രാവിലെമുതൽ രാത്രിവരെ ഒരു മണിക്കൂർ ഇടവിട്ട് ഈ റൂട്ടിലൂടെ കെഎസ്ആർടിസി ബസ് അനുവദിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
സ്കൂളുകളും കോളജുകളും തുറക്കുന്നതോടെയാണ് രാവിലെയും വൈകുന്നേരവും യാത്രക്കാരുടെ തിരക്ക് കൂടുതലുള്ളത്. യാത്രാസൗകര്യമില്ലാത്തതിനാൽ സ്കൂൾ, കോളജുകൾവിട്ട് വിദ്യാർഥികൾ പലപ്പോഴും അമ്പലപ്പാറയിലെത്താൻ രാത്രി ഏഴു കഴിയും.
വൈകുന്നേരം അഞ്ചിനുള്ള കെഎസ്ആർടിസിബസ് പോയതിനുശേഷം അമ്പലപ്പാറ മേഖലയിലേക്ക് മറ്റു ബസുകൾ ഇല്ലെന്നതും ഇവിടെയുള്ളവരെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്.
തിരുവിഴാംകുന്നിൽ എത്തുന്ന യാത്രക്കാർക്കു അവിടെനിന്നും അഞ്ചുകിലോമീറ്റർ ദൂരത്തേക്ക് ഓട്ടോറിക്ഷ വിളിച്ചുപോകേണ്ട അവസ്ഥയാണ്. ഈ പ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ച് നാട്ടുകാർ പലതവണ കെഎസ്ആർടിസി സബ് ഡിപ്പോയിലും എൻ. ഷംസുദ്ദീൻ എംഎൽഎക്കും നിവേദനം നൽകിയതായും പറയുന്നു. എന്നാൽ നടപടിയുണ്ടായിട്ടില്ലെന്നു നാട്ടുകാർ പറഞ്ഞു.