വന്യമൃഗങ്ങളെ തുരത്താൻ ലഘുയന്ത്രം
1547989
Monday, May 5, 2025 1:58 AM IST
വടക്കഞ്ചേരി: തോട്ടങ്ങളിൽ വിളകൾ നശിപ്പിക്കുന്ന വന്യമൃഗങ്ങളെ തുരത്താൻ ലളിതമാർഗത്തിലൂടെ വെടിയൊച്ചയുണ്ടാക്കാം.
പിവിസി പൈപ്പ് ഉപയോഗിച്ചാണ് ഇത് നിർമിച്ചിട്ടുള്ളത്. കാർബൈഡ് കട്ട പൈപ്പിലിട്ട് കുറച്ചു വെള്ളം തളിക്കും. അത് ഗ്യാസായി രൂപാന്തരപ്പെട്ടാണ് ശബ്ദമുണ്ടാകുന്നതെന്ന് പറയുന്നു.
ഇതരസംസ്ഥാന തൊഴിലാളികളാണ് ഇതിന്റെ വില്പനയുമായി വടക്കഞ്ചേരിയിലെത്തിയിട്ടുള്ളത്. 200 രൂപയാണ് വില. ഉഗ്രശബ്ദത്തോടെയാണ് വെടിയൊച്ചയുണ്ടാകുന്നത്.
പന്നി, കുരങ്ങ്, ആന തുടങ്ങിയ വന്യമൃഗങ്ങളെ തുരത്താൻ ഇതു സഹായകമാകുമെന്നാണ് കർഷകരും പറയുന്നത്.
കഴിഞ്ഞ ദിവസം വടക്കഞ്ചേരി ടൗണിലെ പല ഭാഗങ്ങളിലായി ഇതര സംസ്ഥാനത്തു നിന്നുള്ള സ്ത്രീകൾ ഇതിന്റെ വില്പനയുമായി എത്തിയിട്ടുണ്ട്.