ബിജെപിയും സിപിഎമ്മും വർഗീയ ധ്രുവീകരണം സൃഷ്ടിക്കാൻ ശ്രമിക്കുന്നു: സന്ദീപ് വാര്യർ
1548214
Tuesday, May 6, 2025 1:44 AM IST
മണ്ണാർക്കാട്: ബിജെപിയും സിപിഎമ്മും സംസ്ഥാനത്ത് വർഗീയ ധ്രുവീകരണം സൃഷ്ടിക്കാൻ ശ്രമിക്കുകയാണെന്നു കെപിസിസി വക്താവ് സന്ദീപ് വാര്യർ. ഈ വർഗീയ ധ്രുവീകരണത്തിന്റെ ഭാഗമായാണ് പ്രധാനമന്ത്രിയെ വിഴിഞ്ഞത്തേക്കു ക്ഷണിച്ചുകൊണ്ടുവന്നത്.
കേന്ദ്രസർക്കാർ ഒരുസഹായംപോലും നൽകാത്ത പദ്ധതി മോദിയെ ക്ഷണിച്ചു ഉദ്ഘാടനം ചെയ്യിപ്പിച്ചത് മോദി- പിണറായി സഖ്യത്തിന്റെ പരസ്യപ്രഖ്യാപനമാണ്.
എംപിയും എംഎൽഎയുമല്ലാത്ത ബിജെപിയുടെ സംസ്ഥാന പ്രസിഡന്റിനെ ഉദ്ഘാടന വേദിയിൽ ഇരുത്തി ആദരിച്ചതും ഈ പുതിയ ബന്ധത്തിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.
മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷ ജെബി മേത്തർ എംപി നയിക്കുന്ന മഹിളാ സാഹസ് കേരള യാത്രയ്ക്ക് മണ്ണാർക്കാട് മണ്ഡലത്തിൽ നൽകിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു സന്ദീപ് വാര്യർ.
കാരാക്കുറിശ്ശി, കാഞ്ഞിരപ്പുഴ, തച്ചമ്പാറ, കരിമ്പ, കോങ്ങാട്, കേരളശ്ശേരി, മണ്ണൂർ, ലക്കിടി പേരൂർ, മങ്കര, പറളി എന്നിവിടങ്ങളിൽ നൽകിയ സ്വീകരണ യോഗങ്ങൾ മുൻഎംപി രമ്യ ഹരിദാസ്, കെപിസിസി ജനറൽ സെക്രട്ടറി സി. ചന്ദ്രൻ, ദളിത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് നാരായണ സ്വാമി, യുഡിഎഫ് ജില്ലാ ചെയർമാൻ പി. ബാലഗോപാൽ എന്നിവർ ഉദ്ഘാടനം ചെയ്തു.
മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സിന്ധു രാധാകൃഷ്ണൻ, സംസ്ഥാന ഭാരവാഹികളായ രജനി രമാനന്ദ്, ജയലക്ഷ്മി ദത്തൻ, പുണ്യകുമാരി, കവിത മണികണ്ഠൻ എന്നിവർ പ്രസംഗിച്ചു.