റെയിൽവേയുടെ ഉറപ്പിൽ ആശങ്ക തള്ളിക്കളയാതെ പള്ളത്തുകാർ
1548215
Tuesday, May 6, 2025 1:44 AM IST
ഒറ്റപ്പാലം: പള്ളം പ്രദേശത്തുകാർക്ക് വഴിമുടക്കില്ലെന്നു റെയിൽവേ അധികൃതരുടെടെ ഉറപ്പ് പാലിക്കപ്പെടുമോയെന്ന കാര്യം കണ്ടറിയണമെന്നു വിലയിരുത്തൽ.
പ്ലാറ്റ്ഫോം വിപുലീകരണത്തിന്റെ ഭാഗമായി ഒറ്റപ്പാലം റെയിൽവേസ്റ്റേഷനു സമീപത്തെ പള്ളം പ്രദേശത്തുള്ളവരുടെ വഴി ഇല്ലാതാകുന്ന സാഹചര്യം ഉടലെടുത്തിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് റെയിൽവേ കഴിഞ്ഞദിവസം വഴിയടക്കില്ലെന്ന നിലപാട് വ്യക്തമാക്കിയിരുന്നത്.
ഒന്നാം പ്ലാറ്റ്ഫോമിന്റെ അറ്റത്തായുള്ള പള്ളത്തേക്കുള്ള വഴി അടയുമെന്ന ആശങ്കക്കാണ് പരിഹാരമാകുന്ന ഉറപ്പ് റെയിൽവേ നഗരസഭയ്ക്ക് നൽകിയിരിക്കുന്നത്. നവീകരണം കഴിയുന്നതോടെ റോഡിനു മതിയായ വീതിയുണ്ടാകുമെന്നു റെയിൽവേ അറിയിച്ചതായി നഗരസഭാ ചെയർപേഴ്സൻ കെ. ജാനകീദേവിയും വൈസ് ചെയർമാൻ കെ. രാജേഷും പറഞ്ഞു.
ആഴ്ചകൾക്കുമുൻപു തുടങ്ങിയ നവീകരണത്തിന്റെ ഭാഗമായി പള്ളം ഭാഗത്തേക്കുള്ള വഴി കല്ലിട്ട് അടച്ചിരുന്നു. ഇതോടെ പള്ളത്തുള്ളവർ പ്ലാറ്റ്ഫോമിലേക്കു കയറി റെയിൽപ്പാളം മുറിച്ചുകടന്നുപോകേണ്ട സ്ഥിതിയായിരുന്നു.
പ്രദേശത്തെ ജനങ്ങളുടെ യാത്രാപ്രശ്നം ശ്രദ്ധയിൽപ്പെട്ട നഗരസഭാധികൃതരും ജനപ്രതിനിധികളും ചേർന്ന് ആശങ്ക റെയിൽവേയെ അറിയിക്കുകയായിരുന്നു.
പ്രദേശത്ത് താമസിക്കുന്നവർ ആശങ്കയുമായി നഗരസഭയെ സമീപിച്ചിരുന്നു. അറുപതോളം കുടുംബങ്ങളാണ് ഭാരതപ്പുഴയ്ക്കും റെയിൽവേലൈനിനും മധ്യേ പള്ളത്ത് താമസിക്കുന്നത്.
ഒറ്റപ്പാലം ആർഎസ് റോഡ് വഴി ഒന്നാം പ്ലാറ്റ്ഫോം അവസാനിക്കുന്നിടത്തുവച്ചാണ് പാളം മുറിച്ചുകടന്ന് പള്ളത്തുകാർ വീടുകളിലേക്ക് പോകുന്നത്.
വാഹനങ്ങൾ വയ്ക്കാറുള്ള ഭാഗത്തുനിന്ന് നൂറുമീറ്റർ മാറിയാണ് കല്ലിട്ട് റെയിൽവേ വഴിയടച്ചത്. ഈ ഭാഗത്തെ റെയിൽവേയുടെ മതിൽ പൊളിച്ചുനീക്കി പഴയ ഇംപീരിയൽ തിയേറ്റർ ഭാഗംവരെ വീതി കൂട്ടാനാണു പദ്ധതി.
ഇതോടെ റോഡിന്റെ വീതി ഒരു ബൈക്കിനുമാത്രം പോകാവുന്ന തരത്തിലായി. പഴയ ഇംപീരിയൽ തിയേറ്റർമുതൽ പഴയ ഓട്ടുകമ്പനിവരെ റോഡിന്റെ ഒരു ഭാഗം നഷ്ടമാകുന്നതോടെ വാഹനങ്ങളടക്കം കൊണ്ടുപോകാൻ പറ്റില്ലെന്നതാണ് ആശങ്ക. ഈ റോഡ് പൂർണമായും റെയിൽവേയുടേതാണ്.
നഗരസഭ വാടക നൽകിയാണ് പ്രദേശവാസികളടക്കം റോഡ് ഉപയോഗിക്കുന്നത്. അതേസമയം റെയിൽവേ നൽകിയ ഉറപ്പ് പാലിക്കപ്പെടുമോ എന്ന കാര്യം കണ്ടറിയണം.
റെയിൽവേ ഭൂമികൾ മതിൽ കെട്ടി സുരക്ഷിതമാക്കുന്ന നടപടികൾ എല്ലാ പ്രദേശങ്ങളിലും നടന്നുവരികയാണ്.
ഈ സാഹചര്യത്തിൽ മേൽപ്പറഞ്ഞ പ്രദേശത്തേക്ക് മാത്രം വഴി ഒരുക്കുവാനാകുമോയെന്നതാണ് ഉയർന്നു വരുന്ന ചോദ്യം.