അധ്യാപകർക്ക് പ്രത്യേക പരിശീലനം നൽകും: മുഖ്യമന്ത്രി
1548221
Tuesday, May 6, 2025 1:44 AM IST
പാലക്കാട്: കുട്ടികളിലെ മയക്കുമരുന്ന് ഉപയോഗം തടയുന്നതിന് ആവശ്യമായ പരിശീലനം അധ്യാപകർക്ക് നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ നാലാം വാർഷികാഘോഷത്തിന്റെ ഭാഗമായി പാലക്കാട് കോസ്മോപോളിറ്റൻ ക്ലബ്ബിൽ നടന്ന ജില്ലാതലയോഗത്തിൽ ക്ഷണിതാക്കളുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി. അതിനായി വരുന്ന ജൂണ് മുതൽ വലിയ രീതിയിലുള്ള കാന്പയിനുകൾ നടത്താൻ നിശ്ചയിച്ചിട്ടുണ്ട്.
കുട്ടികളിൽ വ്യക്തിഗതമായ ശ്രദ്ധ കൊടുക്കേണ്ടതും അവരുമായി ഏറ്റവും കൂടുതൽ ഇടപഴകുന്നതും അധ്യാപകരാണ്. ഇന്നത്തെകാലത്ത് മയക്കുമരുന്ന് വ്യാപനം കുട്ടികളിൽ സ്വാധീനമുണ്ടാക്കാതിരിക്കാൻ അധ്യാപകർക്ക് കഴിയും. അധ്യാപകർ നല്ല കൗണ്സിലർമാരാകുന്നതിനുള്ള പരിശീലനവും അത്തരത്തിലുള്ള ഇടപെടലുകളും ഉണ്ടാകുക എന്നതാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.
കലോത്സവ വേദികളിൽ ഉണ്ടാകാറുള്ള പരാതികൾക്ക് കാലത്തിന് അനുസരിച്ച് അനുഭവത്തിൽ നിന്ന് ആവശ്യമായ മാറ്റങ്ങൾ സ്വീകരിക്കാൻ ശ്രമിക്കും. കുട്ടികളുടെ മാനസികാരോഗ്യം ശക്തിപ്പെടുത്തുന്നതിനായി പഠനം മാത്രമല്ല കല, സാഹിത്യം, സ്പോർട്സ്, ഗെയിംസ് എന്നിവയ്ക്ക് പ്രാധാന്യം നൽകണം.
ആദിവാസികൾക്ക് നൽകുന്ന ഭൂമി ഉപയോഗിക്കാൻ പറ്റാവുന്നതും കൃഷിയോഗ്യമായതും തന്നെ ആയിരിക്കണം . തെറ്റായ പ്രവണതകൾ ഗൗരവകരമായി കണക്കിലെടുത്ത് ആദിവാസികൾക്ക് പ്രത്യേക പരിഗണന നൽകിക്കൊണ്ടാണ് സർക്കാർ മുന്നോട്ടുപോകുന്നത്. ആദിവാസികൾക്ക് നൽകുന്ന ഭൂമിക്ക് പട്ടയം ലഭിച്ച് കഴിഞ്ഞാൽ അവരെ കബളിപ്പിച്ച് കൈവശപ്പെടുത്താനുള്ള പ്രത്യേക ലോബി പ്രവർത്തിക്കുന്നത് ശ്രദ്ധയിൽപെട്ടിട്ടുണ്ട്.
ഡിജിറ്റൽ സർവേ അട്ടപ്പാടിയിൽ സമയബന്ധിതമായി പൂർത്തിയാക്കും. വന്യജീവി ആക്രമണം വലിയ പ്രശ്നമായി നിലനിൽക്കുകയാണ്. അത് നേരിടുന്നതിനായി കാട്ടിലെ ആവാസവ്യവസ്ഥ നിലനിർത്തുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരികയാണ്. മൃഗങ്ങൾക്ക് ആവശ്യമായ വെള്ളം, ഭക്ഷണം എന്നിവയുടെ ലഭ്യത ഉറപ്പാക്കുന്നതിനോടൊപ്പം ആവാസവ്യവസ്ഥയ്ക്ക് ദോഷകരമായി ബാധിക്കുന്ന സസ്യങ്ങൾ പൂർണമായും ഒഴിവാക്കുന്നതിനും നിലവിലുള്ളവ നിലനിർത്തുന്നതിനും പ്രാധാന്യംകൊടുക്കുന്നുണ്ട്. നെല്ല് സംഭരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ മന്ത്രിസഭാ യോഗത്തിൽ ചർച്ചചെയ്ത് ഉപസമിതിയെ തീരുമാനിച്ച് ആവശ്യമായ ഇടപെടലുകൾ ഉണ്ടാകുമെന്ന തലത്തിലേക്ക് നീങ്ങുകയാണ്. മൂന്ന് വർഷ ബിരുദ വിദ്യാർഥികൾക്ക് നൈപുണ്യപരിശീലനം നൽകുകയും കോളജുകളിൽ പ്രത്യേകപരിശീലനം ഏർപ്പെടുത്താൻ ഉദ്ദേശിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
പരിപാടിയിൽ മന്ത്രി കെ. കൃഷ്ണൻകുട്ടി അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ എം.ബി. രാജേഷ്, ജി.ആർ. അനിൽ, എ.കെ. ശശീന്ദ്രൻ, ആസൂത്രണ ബോർഡ് വൈസ് ചെയർമാൻ വി.കെ. രാമചന്ദ്രൻ, എംഎൽഎമാരായ മുഹമ്മദ് മുഹ്സിൻ, പി. മമ്മിക്കുട്ടി, കെ. പ്രേംകുമാർ, കെ. ശാന്തകുമാരി, എ. പ്രഭാകരൻ, പി.പി. സുമോദ്, കെ.ഡി. പ്രസേനൻ, കെ. ബാബു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോൾ, ജില്ലാകളക്ടർ ജി. പ്രിയങ്ക, ലാൻഡ് റവന്യൂ കമ്മീഷണർ ഡോ.എ. കൗശിഗൻ പങ്കെടുത്തു.