ഡോക്ടർ, ജീവനക്കാരുടെ ഒഴിവുകൾ നികത്താൻ ജില്ലാ കളക്ടർക്കു പഞ്ചായത്തിന്റെ അപേക്ഷ
1548217
Tuesday, May 6, 2025 1:44 AM IST
മുതലമട: പറമ്പിക്കുളം പ്രാഥമികാരോഗ്യകേന്ദ്രത്തിൽ ഡോക്ടർ ഉൾപ്പെടെയുള്ള ജീവനക്കാരുടെ കുറവു ചികിത്സയെ ബാധിച്ചതായി പരാതി വ്യാപകം.
ഒഴിവുകൾ നികത്താൻ അടിയന്തിര നടപടി ആവശ്യപ്പെട്ടു മുതലമട പഞ്ചായത്ത് അധികൃതർ ജില്ലാ കളക്ടർക്കു അപേക്ഷ നൽകി. മുതലമട പഞ്ചായത്ത് പ്രസിഡന്റ് പി. കല്പനാദേവി ജില്ലാ മെഡിക്കൽ ഓഫീസർക്കും പരാതി നൽകിയിട്ടുണ്ട്. പറമ്പിക്കുളത്തെ ആദിവാസി ഊരുവാസികൾക്ക് നിലവിൽ മതിയായ ചികിത്സാസൗകര്യം ഇവിടത്തെ ആരോഗ്യ കേന്ദ്രത്തിലില്ല.
ആശുപത്രിയിലെ ഡോക്ടർമാരുടെ രണ്ടു തസ്തികളും ഒഴിഞ്ഞു കിടപ്പാണ്. ഹെൽത്ത് നഴ്സ്, ഫാർമസിസ്റ്റ്, ക്ലാർക്ക്, ഹെൽത്ത് ഇൻസ്പെക്ടർ ഉൾപ്പെടെ തസ്തികകളും ഒഴിഞ്ഞുകിടക്കുകയാണ്. പനി ബാധിച്ചെത്തിയാൽ നൽകാൻ പാരസിറ്റമോൾ ഗുളിക പോലും ഇവിടെയില്ലെന്നു പ്രദേശവാസികൾ പരാതിപ്പെടുന്നു.
ആദിവാസി കുടുംബങ്ങൾക്കു ചികിത്സക്കു മറ്റു കേന്ദ്രങ്ങളെ ആശ്രയിക്കാൻ കടുത്ത ധനബാധ്യതയുണ്ടാവാറുണ്ട്. പറമ്പിക്കുളത്തുകാർക്ക് നേരിട്ട് മുതലമട കുടുംബാരോഗ്യകേന്ദ്രത്തിൽ എത്താൻ കാലമിത്രയായും നേരിട്ടു ബസ് സൗകര്യവുമില്ല. അത്യാവശ്യ ചികിത്സ ആവശ്യമുള്ളവർ 4000 രൂപ മുടക്കിവേണം മുതലമടയിലെത്താൻ. ഭൂരിഭാഗം ആദിവാസികളും കനത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് ജീവിതം തള്ളിനീക്കുന്നത്. മുതലമടയിലേക്ക് തേക്കടിയിൽനിന്നും നേരിട്ടുള്ള വനപാത വിഷയവും നടപടികളില്ലാതെ മുന്നോട്ടുപോവുകയാണെന്നും പഞ്ചായത്ത് പ്രസിഡന്റ് നൽകിയ അപേക്ഷയിൽ സൂചിപ്പിച്ചിട്ടുണ്ട്.