പട്ടാമ്പി- കൊപ്പം പാതനിർമാണം തൃശങ്കുവിൽ
1548808
Thursday, May 8, 2025 2:01 AM IST
ഷൊർണൂർ: പട്ടാമ്പി- മുതുതല- കൊപ്പം പാതയുടെ നവീകരണം അനന്തമായി വൈകുന്നു. പദ്ധതിക്കായി 10 കോടിരൂപ അനുവദിച്ചുവെങ്കിലും തുടർനടപടികൾ നീളുകയാണ്.
ഉടൻതന്നെ ദർഘാസ് നടപടി ആരംഭിക്കുമെന്നാണു അധികൃതർ നൽകുന്ന സൂചന. എന്നാൽ ഇക്കാര്യവും കണ്ടറിയണം.
പട്ടാമ്പിയിൽനിന്നും കൊപ്പത്തേയ്ക്കുളള ഏളുപ്പമാർഗമാണ് പട്ടാമ്പി- മുതുതല- പറക്കാട് കൊപ്പം റോഡ്.
വർഷങ്ങൾക്ക് മുൻപ് കിഫ്ബി പദ്ധതിയിൽ റോഡ് നവീകരിക്കാൻ പദ്ധതിയായെങ്കിലും സാങ്കേതിക പ്രശ്നങ്ങൾ വിലങ്ങുതടിയായി. മുതുതല അയ്യപ്പൻകാവിനു സമീപത്തുളള പുതുപ്പാലം പുതുക്കിപ്പണിയുന്നതുൾപ്പെടെയുളള കാര്യങ്ങളാണു വേണ്ടിവന്നിരുന്നത്. ഇതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളായിരുന്നു നവീകരണം മുടങ്ങാൻ ഇടയായത്.
റോഡിന്റെ പട്ടാമ്പിമുതൽ കൊടുമുണ്ട യാറം വരെയുളള ഭാഗം നേരത്തെ റബറൈസ് ചെയ്ത് നവീകരിച്ചതുമാണ്. തുടർന്നുള്ള ആറുകിലോമീറ്ററോളം വരുന്ന പാതയാണ് നവീകരണത്തിനായി ബാക്കിയുള്ളത്. പട്ടാമ്പിയിൽനിന്നും പളളിപ്പുറത്തേക്കും വളാഞ്ചേരി ഭാഗത്തേക്കും ഈ പാതയിലൂടെ ബസുകൾ സർവീസ് നടത്തുന്നുണ്ട്. അറ്റകുറ്റപ്പണികളല്ലാതെ റോഡിൽ കാര്യമായ നവീകരണം നടത്തിയിട്ടു ഏറെക്കാലമായി.
ഈ സാഹചര്യത്തിലാണ് മുഹമ്മദ് മുഹ്സിൻ എംഎൽഎയുടെ ഇടപെടലിനെ തുടർന്ന് റോഡ് നവീകരിക്കാൻ പദ്ധതി തയാറാക്കിയത്. ഇതിന്റെ അടിസ്ഥാനത്തിൽ പൊതുമരാമത്ത് വകുപ്പും കിഫ്ബിയും ചേർന്നാണ് പാത നവീകരിക്കുന്നത്. കൊടുമുണ്ട മുതൽ മുതുതല പുതുപ്പാലം വരെയുളള രണ്ടുകിലോമീറ്ററോളം റോഡ് നവീകരിക്കാൻ അഞ്ചരക്കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്.
ഇതിന്റെ സാങ്കേതികാനുമതി ലഭ്യമാവുന്ന മുറയ്ക്ക് ദർഘാസ് നടപടികൾ തുടങ്ങാനാവും. ഇതോടൊപ്പം പുതുപ്പാലം പുതുക്കിപ്പണിയാൻ നാലരക്കോടിയോളം രൂപ അനുവദിച്ചിട്ടുണ്ട്.
മുതുതല പുതുപാലം മുതൽ തൃത്താല കൊപ്പം വരെയുളള റോഡ് കിഫ്ബിയുടെ മേൽനോട്ടത്തിലാണ് നവീകരിക്കുക. ഏഴര മീറ്റർ വീതിയിലാകും റോഡ് വികസിപ്പിക്കുക. അഴുക്കുചാലുകൾ, ഓവു പാലങ്ങളുടെ പുനർനിർമാണം എന്നിവയുമുണ്ടാവും.