മണ്ണാർക്കാട് നഗരത്തിൽ റോഡിന്റെ നിരപ്പുവ്യത്യാസം പരിഹരിച്ചു
1548502
Wednesday, May 7, 2025 1:19 AM IST
മണ്ണാർക്കാട്: പാലക്കാട്- കോഴിക്കോട് ദേശീയപാത കടന്നുപോകുന്ന മണ്ണാർക്കാട് നഗത്തിൽ റോഡിന്റെ ഉപരിതലത്തിലുള്ള നിരപ്പുവ്യത്യാസം കരാർകമ്പനി റീടാർചെയ്തു പരിഹരിച്ചു.
ആശുപത്രിപ്പടി ആൽത്തറ, കോടതിപ്പടി ഭാഗങ്ങളിലാണ് ഉപരിതലം റീടാർ ചെയ്തത്. റോഡിന്റെ വശം ഉയർന്നും താഴ്ന്നും നിന്നിരുന്നത് യാത്രക്കാർക്ക് അപകടഭീഷണിയും ബുദ്ധിമുട്ടും സൃഷ്ടിച്ചിരുന്നു.
ഇതിൽ ആൽത്തറഭാഗത്തായിരുന്നു പ്രശ്നം രൂക്ഷമായിരുന്നത്. ഇവിടെ റോഡിന്റെ ഒരുവശം ചരിഞ്ഞും തള്ളിയും നിന്നിരുന്നത് ഇരുചക്രവാഹനയാത്രക്കാരെ അപകട ഭീതിയിലാക്കിയിരുന്നു. വാഹനങ്ങൾ കയറിയിറങ്ങി തെന്നുമ്പോഴേ നിരപ്പുവ്യത്യാസം മനസിലാകുകയുള്ളൂ. ഈ ഭാഗത്ത് റോഡിന് വീതി കുറവായതിനാൽ വശം ചേർന്നുപോകുന്ന ഇരുചക്രവാഹനങ്ങൾ പെട്ടെന്ന് തെന്നുകയും വലിയ വാഹനങ്ങളുടെ വശങ്ങളിൽ തട്ടുകയും ചെയ്തിരുന്നു.
കയറ്റം കയറിവരുന്ന ഭാരവാഹനങ്ങൾ പെട്ടെന്ന് നിന്നുപോകുമ്പോൾ ഗതാഗതക്കുരുക്കിനും ഇടവരുത്തിയിരുന്നു. വിഷയം താലൂക്ക് വികസനസമിതിയിലും ചർച്ചയായിരുന്നു.
വ്യാപാരി വ്യവസായി ഏകോപനസമിതി മണ്ണാർക്കാട് യൂണിറ്റ് ഭാരവാഹികളും ഇതുസംബന്ധിച്ച് പൊതുമരാമത്ത് മന്ത്രിക്കും ബന്ധപ്പെട്ട അധികൃതർക്കും നിവേദനം നൽകിയിരുന്നു.