അടിയന്തരസാഹചര്യങ്ങളെ നേരിടാൻ മോക്ഡ്രിൽ സംഘടിപ്പിച്ചു
1548818
Thursday, May 8, 2025 2:01 AM IST
പാലക്കാട്: പാക്കിസ്ഥാൻ അതിർത്തിയിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഏത് അടിയന്തര സാഹചര്യത്തേയും നേരിടാനും ജനങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനും ജില്ലയിൽ മോക്ക്ഡ്രിൽ നടന്നു. വൈകുന്നേരം നാലിന് ജില്ലാ ഭരണാകൂടത്തിന്റെ സിരാകേന്ദ്രമായ സിവിൽ സ്റ്റേഷൻ പരിസരത്ത് 90 സെക്കൻഡ് നീണ്ടുനിന്ന സൈറണ്‍ മുഴങ്ങിയതോടെ അപകട സാഹചര്യത്തെ എങ്ങനെ അതിജീവിക്കാമെന്ന് ഉദ്യോഗസ്ഥരടക്കം പൊതുജനങ്ങൾക്ക് നിർദേശം നൽകി.
ജില്ലയിലെ വിവിധയിടങ്ങളിൽ സജ്ജീകരിച്ച കണ്ട്രോൾ റൂമുകളിലേക്ക് വ്യോമസേന നൽകുന്ന സന്ദേശത്തെ തുടർന്നായിരുന്നു സിവിൽ ഡിഫൻസ് സംവിധാനം സജ്ജമാക്കിയത്. ജില്ലാകളക്ടർ, ജില്ലാ പോലീസ് മേധാവി, ജില്ലാ ഫയർ ഓഫീസർ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്ന മോക്ഡ്രിൽ നടന്നത്. യുദ്ധസമാന സാഹചര്യമുണ്ടായാൽ എങ്ങനെ ഇടപെടണമെന്ന് അറിയിക്കുന്നതാണ് മോക്ഡ്രിൽ. മോക്ഡ്രില്ലിനോടനുബന്ധിച്ച് മെഡിക്കൽ, ആംബുലൻസ് ഉൾപ്പെടെ സജ്ജമാക്കിയിരുന്നു. കേന്ദ്രസർക്കാരിന്റെ സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ജില്ലയിലെ അണക്കെട്ടുകളിലും സുരക്ഷ ഏർപ്പെടുത്തി.
മലന്പുഴ, വാളയാർ, കാഞ്ഞിരപ്പുഴ, മംഗലംഡാം, പോത്തുണ്ടി, ശിരുവാണി, പറന്പിക്കുളം, മീങ്കര, ചുള്ളിയാർ ഡാമുകളിലാണ് പോലീസിനെ വിന്യസിച്ചിരിക്കുന്നത്. കഞ്ചിക്കോട് ഉൾപ്പെടെ കെഎസ്ഇബിയുടെ പവർ സ്റ്റേഷനുകളിലും പോലീസിനെ വിന്യസിച്ചിട്ടുണ്ട്. കേന്ദ്രത്തിന്റെ അറിയിപ്പ് ലഭിക്കുന്നത്വരെ സുരക്ഷ തുടരുമെന്ന് ജില്ലാകളക്ടർ അറിയിച്ചു.