കാട്ടാനക്കൂട്ടമിറങ്ങി; വ്യാപക വിളനാശം
1298744
Wednesday, May 31, 2023 4:09 AM IST
കൊല്ലങ്കോട് : തേക്കിൻ ചിറയിൽ നാലംഗ ആനക്കൂട്ടമെത്തി 150 തെങ്ങുകളും 250 വാഴകളും നശിപ്പിച്ചു. ഇന്നലെ പുലർച്ചെ കർഷകപുരസ്ക്കാര ജേതാവ് സഹദേവന്റെ പറന്പിലാണ് ആന കൂട്ടമിറങ്ങിയത്.
കർഷക സമിതി രക്ഷാധികാരി ചിതംബരൻ കുട്ടി മാസ്റ്റർ സ്ഥലം സന്ദർശിച്ചു. ഇക്കഴിഞ്ഞ ജാഗ്രത സമിതി യോഗത്തിൽ മലയോര മേഖല വെള്ളരാം കടവ് മുതൽ 27 കിലോമീറ്ററിൽ തൂക്കു ഫെൻസിംഗിനു മുതലമട പഞ്ചായത്ത് കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത് ജില്ലാ പഞ്ചായത്തും സംയുക്തമായി ഒരു കോടിയോളം ധനസഹായ വാഗ്ദാനം ചെയ്തിരുന്നു.
ഇതിനു ശേഷം വനംവകുപ്പ് അധികൃതർ തൂക്ക് ഫെൻസിംഗ് പ്രാവർത്തികമാക്കാൻ അനുമതി റിപ്പോർട്ട് നല്കിയിട്ടുള്ളതായും കൊല്ലങ്കോട് റെയ്ഞ്ച് ഓഫീസ് അധികൃതർ അറിയിച്ചിരുന്നു. എന്നാൽ വിഷയത്തിൽ വനം വകുപ്പ് മേധാവികളിൽ നിന്നും ഇതുവരെ അനുകൂല നടപടികൾ ഉണ്ടാവാത്തത് കർഷകരെ വീണ്ടും നിരാശപ്പെടുത്തിയിരിക്കുകയാണ്.
പ്രദേശത്ത് പല കർഷകരും നിരന്തരം ആനശല്യം കാരണം നിലവിലുള്ള തെങ്ങുകൾ പോലും മുറിച്ച് നീക്കി പറന്പാക്കിയിരിക്കുകയാണ്.