കനാലിൽ മാലിന്യം അടിഞ്ഞ് ദുർഗന്ധം
1338396
Tuesday, September 26, 2023 12:58 AM IST
നെന്മാറ: നെന്മാറ ബസ് സ്റ്റാൻഡ് പരിസരത്തെ ഉപകനാലിൽ അഴുക്കുവെള്ളം കെട്ടിക്കിടന്ന് ദുർഗന്ധം പരത്തുന്നു. ആരോഗ്യവകുപ്പും, പഞ്ചായത്തും പരിസര ശുചീകരണത്തെയും അഴുക്കുവെള്ള നിർമാർജനത്തെയും കുറിച്ച് ബോധവത്കരണ ബാനറുകളും നിർമൽ പഞ്ചായത്ത് ബോർഡുകളും സ്ഥാപിച്ചിട്ടുണ്ടെങ്കിലും സാമൂഹിക ആരോഗ്യ കേന്ദ്രത്തിനും പഞ്ചായത്ത് ഓഫീസിനും മുന്നിലുള്ള ദുർഗന്ധം വമിപ്പിച്ച് കെട്ടിക്കിടക്കുന്ന മലിനജലം കണ്ടില്ലെന്ന് നടിക്കുന്നതായും നടപടി സ്വീകരിക്കുന്നില്ലെന്നും യാത്രക്കാർ പരാതിപ്പെട്ടു.
ബസ് സ്റ്റാൻഡിൽ എത്തുന്ന യാത്രക്കാരും വ്യാപാരികളും ഓട്ടോറിക്ഷ തൊഴിലാളികളും തൊട്ടടുത്ത ദേവാലയത്തിലെത്തുന്നവരും ഇതുമൂലം ദുരിതത്തിലായിരിക്കുകയാണ്. ബസ് സ്റ്റാൻഡിനോട് ചേർന്ന് ജലസേചനപദ്ധതിയുടെ വലതുകര കനാലിൽ നിന്നും നെന്മാറ തവളക്കുളം എംഎൽഎ റോഡ് ഭാഗത്തേ പാടശേഖരങ്ങളിലേക്കു വെള്ളം കൊണ്ടുപോകുന്ന ഉപകനാലിലാണ് പ്ലാസ്റ്റിക് മാലിന്യങ്ങളും മറ്റും അടിഞ്ഞുകൂടി ഒഴുക്ക് തടസപ്പെട്ട് ദുർഗന്ധം വമിക്കാൻ തുടങ്ങിയത്.
വെള്ളം ആഴ്ചകളായി കെട്ടി നിൽക്കാൻ തുടങ്ങിയതോടെ ഇത് കൊതുകുകളുടെ പ്രജനന കേന്ദ്രമായി മാറി. ബസ് സ്റ്റാൻഡിന് പിന്നിലെ ഈ ഉപകനാലിൽ നീരൊഴുക്ക് തടസപെട്ടതിനാൽ കഴിഞ്ഞമാസം കർഷകർക്ക് പാടങ്ങളിൽ വെള്ളം എത്താത്ത സ്ഥിതിയുണ്ടായിരുന്നു. നെന്മാറ സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ സമീപത്തുനിന്ന് ആരംഭിക്കുന്ന സബ് കനാൽ ക്രിസ്തുരാജ ദേവാലയത്തിനു സമീപത്തും,
ബസ് സ്റ്റാൻഡിന് പിറകുവശത്തും എംഎൽഎ റോഡിന് സമാന്തരമായാണ് തവളക്കുളം പാടശേഖരങ്ങളിൽ എത്തി വല്ലങ്ങി വരെയുള്ള പാടങ്ങളിൽ ജലസേചനം നടത്തുന്നത്. കർഷകരുടെ നിരന്തര പരാതിയെ തുടർന്ന് കുറച്ചു വർഷങ്ങൾക്കു മുമ്പ് ബസ് സ്റ്റാൻഡിന് പുറകുവശത്തുള്ള ഉപകനാലിൽ ബസ് സ്റ്റാൻഡിൽ നിന്നുള്ള പ്ലാസ്റ്റിക് മാലിന്യം ഒഴിവാക്കുന്നതിനും മാലിന്യങ്ങളും മറ്റും അടിഞ്ഞു കൂടുന്നത് തടയാൻ സിമന്റ് സ്ലാബ് നിർമിച്ച് മൂടിയിരുന്നു.
ഇതോടെ കനാൽ അറ്റകുറ്റപ്പണികൾക്കോ മാലിന്യം നീക്കുന്നതിനു കഴിയാത്ത സ്ഥിതിയായി. ഇതാണ് പാടശേഖരങ്ങളിലേക്ക് വെള്ളം എത്താത്തതിനും മലിനജല കെട്ടി നിൽക്കാനും ഇടയാക്കിയത്. നേരത്തെ കനാൽ വൃത്തിയാക്കുന്നതിനായി എടുത്തു മാറ്റിയ സ്ലാബുകൾ പുനസ്ഥാപിക്കാത്തത് കൂടുതൽ പ്രദേശങ്ങളിൽ കനാൽ തുറന്നു കിടക്കുന്നതിന് വഴിയൊരുക്കി.