കുമരംപുത്തൂരിൽ മോഷണം നടത്തിയ പ്രതി പിടിയിൽ
1338400
Tuesday, September 26, 2023 12:58 AM IST
മണ്ണാർക്കാട്: കുമരംപുത്തൂർ കല്ലടി കോളേജിനു സമീപത്തും ചുങ്കത്തും കടകൾ കുത്തിതുറന്ന് മോഷണം നടത്തിയ പ്രതി അറസ്റ്റിൽ. പാലക്കാട് നെന്മാറ പൂളക്കൽപറമ്പ് ജലീൽ (35) ആണ് പിടിയിലായത്. ഒലവക്കോട് നിന്ന് ഞായറാഴ്ച രാത്രിയാണ് പ്രതിയെ പിടികൂടിയത്. മണ്ണാർക്കാട് കല്ലടി ഇംഗ്ലീഷ് മീഡിയം സ്കൂളിനു സമീപത്തും ചുങ്കത്തും കടകൾ കുത്തി തുറന്ന് മോഷണം നടത്തിയ ജലീൽ ലോട്ടറി ടിക്കറ്റുകളും പൈസയും മോഷ്ടിച്ചിരുന്നു. കല്ലടി ഇംഗ്ലീഷ് മീഡിയം സ്കൂളിനു സമീപത്ത് സുധീഷിന്റെ ആവണി സ്റ്റോറിന്റെ പൂട്ട് പൊളിച്ച് 1700 രൂപ, തൊട്ടടുത്ത ഹോട്ടൽ ജാസ്മിനിൽ നിന്ന് 2700 രൂപ, കെഎം ബേക്കറിയിൽ നിന്ന് 300 രൂപ, ചുങ്കം സ്കൂളിനു മുൻപിലെ പിഎസ് ലോട്ടറി ഏജൻസിയിൽ നിന്ന് മൂന്ന് ഓണം ബംബർ ടിക്കറ്റും 2000 രൂപ ചില്ലറ നോട്ടുകളും മോഷ്ടിച്ചത് പ്രതി സമ്മതിച്ചതായി പോലീസ് പറഞ്ഞു.
എസ്ഐ വിവേക്, എഎസ്ഐ ശ്യാം കുമാർ, ഉദ്യോഗസ്ഥരായ വിനോദ് കുമാർ, ഗിരീഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.