ഒറ്റപ്പാലം താലൂക്ക് ആശുപത്രിക്ക് വാഗ്ദാനം ചെയ്യപ്പെട്ട ജില്ലാ ആശുപത്രി പദവി ലഭ്യമായില്ല
1338401
Tuesday, September 26, 2023 12:58 AM IST
ഒറ്റപ്പാലം: നിർധന രോഗികൾക്ക് ഡയാലിസിസിന് അത്താണിയായി ഒറ്റപ്പാലം താലൂക്ക് ആശുപത്രി. താലൂക്ക് ആശുപത്രിക്ക് വാഗ്ദാനം ചെയ്യപ്പെട്ട ജില്ലാ ആശുപത്രി പദവി ഇനിയും ലഭ്യമാക്കിയിട്ടില്ലെങ്കിലും ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ഈ ആശുപത്രിയിൽ ചികിത്സ തേടിയെത്തുന്നവരുടെ എണ്ണം ഓരോ ദിവസവും വർധിക്കുകയാണ്. ആതുര സേവനരംഗത്ത് പുതുചരിത്രമെഴുതുകയാണ് ഈ സർക്കാർ സ്ഥാപനം.
ആശുപത്രിയിലെ ക്യാപ്റ്റൻ ലക്ഷ്മി സ്മാരക ഡയാലിസിസ് യൂണിറ്റിൽ സൗജന്യ ഡയാലിസിസുകളുടെ എണ്ണം ഒരു ലക്ഷം കടന്നുവെന്നാണ് ഏറ്റവും പുതിയ കണക്ക്.
വൃക്കരോഗം ബാധിച്ച നിർധന രോഗികൾക്കും കുടുംബങ്ങൾക്കുമെല്ലാം ആശ്വാസമാകുകയാണ് ആശുപത്രിയിലെ ക്യാപ്റ്റൻ ലക്ഷ്മി സ്മാരക സൗജന്യ ഡയാലിസിസ് യൂണിറ്റ്.
10 വർഷത്തെ സേവന കാലയളവിനിടെയാണ് ആശുപത്രി ഒരു ലക്ഷം ഡയാലിസിസ് എന്ന അപൂർവ നാഴികക്കല്ല് പിന്നിട്ടത്. സംസ്ഥാനത്തു മറ്റൊരു താലൂക്ക് ആശുപത്രിക്കും അവകാശപ്പെടാൻ കഴിയാത്ത നേട്ടമാകും ഇത്.
മന്ത്രി എം.ബി. രാജേഷ് എംപിയായിരിക്കെ 2013ൽ ആണ് ക്യാപ്റ്റൻ ലക്ഷ്മി സ്മാരക സൗജന്യ ഡയാലിസിസ് യൂണിറ്റ് പ്രവർത്തനം തുടങ്ങിയത്. 7 മെഷീനുകളുമായി തുടങ്ങിയ യൂണിറ്റ് ഘട്ടംഘട്ടമായി വികസിച്ചു.
നിലവിൽ 2 നിലകളിലായി പ്രവർത്തിക്കുന്ന യൂണിറ്റിൽ 24 ഡയാലിസിസ് മെഷീനുകളുണ്ട്. സ്ത്രീകൾക്കായി പ്രത്യേക വിഭാഗവും പ്രവർത്തിക്കുന്നു.
3 ഷിഫ്റ്റുകളിലായി പ്രതിദിനം ശരാശരി 60 പേർ ഡയാലിസിസിനു വിധേയരാകുന്നു. സ്വകാര്യ മേഖലയിൽ ഒരു ഡയാലിസിസിന് ഏകദേശം 2500 രൂപ ചെലവു വരും.
ഒറ്റപ്പാലം നഗരസഭയുടെ പദ്ധതിവിഹിതവും വിവിധ സർക്കാർ പദ്ധതികളും പ്രയോജനപ്പെടുത്തിയാണു സൗജന്യ യൂണിറ്റിന്റെ പ്രവർത്തനം. ഡയാലിസിസിന് ഊഴം കാത്ത് ഇനിയും ഒട്ടേറെപ്പേർ പട്ടികയിലുണ്ട്. ഇവർക്കു കൂടി അവസരം നൽകണമെങ്കിൽ ഒരു ഷിഫ്റ്റ് കൂടി തുടങ്ങേണ്ടിവരും.
പ്രവർത്തനം 4 ഷിഫ്റ്റുകളായി വിപുലീകരിക്കാനായാൽ പ്രതിദിനം ശരാശരി 90 പേർക്കു സൗജന്യ സേവനം ലഭിക്കും. അതേസമയം, ജീവനക്കാരുടെ കുറവ് ഉൾപ്പെടെയുള്ള സാഹചര്യങ്ങൾ ഇതിനു തടസമാകും.
നിലവിൽ 18 സ്റ്റാഫ് നഴ്സുമാരും 4 സാങ്കേതിക വിദഗ്ധരുമാണ് ഇവിടെയുള്ളത്.