കലാപഠനവും സംഗീതമേളയുമായി നാടകോത്സവത്തിന്റെ രണ്ടാം ദിനം
1338407
Tuesday, September 26, 2023 1:03 AM IST
ചിറ്റൂർ: കേരളത്തിലെ ക്ലാസിക് തിയേറ്ററിനെക്കുറിച്ച് കേരള കലാമണ്ഡലം കഥകളി വിഭാഗം ഡീനും ഭരണസമിതി അംഗവുമായ കെ.ബി.രാജാനന്ദ് നടത്തിയ പ്രഭാഷണം ചിറ്റൂർ ഗവ. കോളജിലെ വിദ്യാർഥികൾക്ക് സമഗ്രമായ പഠനാനുഭവമായി.
കേരള സംഗീതനാടക അക്കാദമിയും ചിറ്റൂർ തത്തമംഗലം നഗരസഭയും ചേർന്ന് സംഘടിപ്പിക്കുന്ന നാടകോത്സവത്തോട് അനുബന്ധിച്ചാണ് ചിറ്റൂർ ഗവ കോളജിന്റെ സഹകരണത്തോടെ പ്രഭാഷണവും സംവാദവും സംഘടിപ്പിച്ചത്. നഗരസഭാ വൈസ് ചെയർമാൻ എം. ശിവകുമാർ ആമുഖം അവതരിപ്പിച്ചു.
പ്രിൻസിപ്പൽ ഡോ. റെജി അധ്യക്ഷത വഹിച്ചു. നഗരസഭ അധ്യക്ഷ കെ.എൽ. കവിത, എം.എസ്.രഘു, സി.എസ്. ശ്രീവത്സൻ, ടി.ജി. നിരഞ്ജൻ എന്നിവർ സംസാരിച്ചു. നാടകോത്സവത്തിന്റെ വിളംബരമായി പാട്ടുഗ്രാമത്തിലെ കലാകാരന്മാർ തത്തമംഗലം ബസ് സ്റ്റാൻഡ് പരിസരത്ത് ഗാനമേള അവതരിപ്പിച്ചു. നഗരസഭയിലെ വാൽമുട്ടി വാർഡ് പാട്ടുഗ്രാമമായി നഗരസഭ പ്രഖ്യാപിച്ചത് ഈ വർഷമാണ്. പല തലമുറകളിൽ പെട്ട പാട്ടുകാർ ഒന്നു ചേർന്ന ഗാനമേള നാട്ടുകാർക്ക് ഹൃദ്യമായ അനുഭവമായി.