പത്തൊമ്പതാം മൈലിലെ വാരിക്കുഴി നാട്ടുകാർ മൂടി
1338408
Tuesday, September 26, 2023 1:03 AM IST
ഒറ്റപ്പാലം: വാഹന യാത്രികർക്ക് ഭീഷണിയായിരുന്ന "വാരിക്കുഴി" - അടച്ചു. പാലക്കാട് കുളപ്പുള്ളി പ്രധാന പാതയിൽ പത്തൊമ്പതാം മൈലിൽ ജനങ്ങൾക്കും വാഹന യാത്രക്കാർക്കും ഒരുപോലെ ഭീഷണിയായി തീർന്നിരുന്ന റോഡിലെ വലിയ ഗർത്തമാണ് പ്രദേശവാസികൾ കോൺക്രീറ്റ് ചെയ്ത് മൂടിയത്.
ഇവിടെയുള്ള കുഴിയുടെ അപകട സാധ്യത പ്രദേശവാസികൾ നിരവധി തവണ ബന്ധപ്പെട്ടവരെ അറിയിച്ചിരുന്നു.
ഇരുചക്രവാഹനങ്ങളും ഓട്ടോറിക്ഷകളും സ്ഥിരമായി ഇവിടെ അപകടത്തിൽ പെടുന്നതും പതിവായിരുന്നു. ഈ സാഹചര്യത്തിലാണ് റോഡിലെ കുഴി അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികൾ നിരവധി തവണ പൊതുമരാമത്ത് വകുപ്പിനെ സമീപിച്ചത്. എന്നാൽ അധികൃതർ ഇതിൽ നിന്നും ബോധപൂർവ്വം ഒഴിഞ്ഞുമാറുകയായിരുന്നു.
അപകടങ്ങൾ ആവർത്തിക്കപ്പെടുന്ന സാഹചര്യം തിരിച്ചറിഞ്ഞതോടെ പ്രദേശവാസികളായ യുവാക്കൾ തന്നെ റോഡിലെ ഗർത്തം കോൺക്രീറ്റ് ഉപയോഗിച്ച് മൂടി. രാത്രികാലങ്ങളിൽ ഇരുചക്രവാഹനങ്ങൾ കുഴിയിൽ വന്ന് വീഴുന്നതും അപകടത്തിൽ പെടുന്നതും പതിവായിരുന്നു. ഓട്ടോറിക്ഷകളും ഇത്തരത്തിൽ അപകടത്തിൽപ്പെട്ടിരുന്നു.
വേഗതയോടു കൂടി വരുന്ന വാഹനങ്ങളിൽ പലതും ഇവിടെ അപകടത്തിൽപ്പെടുന്നതും ആവർത്തിക്കപ്പെടുന്ന അവസ്ഥയായിരുന്നു ഉണ്ടായിരുന്നത്.