അനിശ്ചിതകാല സമരം അവസാനിപ്പിച്ചു
1338614
Wednesday, September 27, 2023 1:33 AM IST
പാലക്കാട്: നെല്ലിന്റെ സംഭരണവില നൽകണമെന്നാവശ്യപ്പെട്ട് ആർജെഡി 97 ദിവസമായി നടത്തിവന്ന അനിശ്ചിത കാല സമരം അവസാനിപ്പിച്ചു. സംഭരണവില ബാങ്കിലെത്തിയതിനെ തുടർന്നാണ് സമരം അവസാനിപ്പിച്ചതെന്ന് ആർജെഡി ജില്ലാ പ്രസിഡണ്ട് സുഗതൻ, ജനറൽ സെക്രട്ടറി വിൻസെന്റ് എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു.
കർഷകദ്രോഹ നയമാണ് സംസ്ഥാന സർക്കാർ നടപ്പിലാക്കിയത്. സംഭരണവില യഥാസമയം നൽകാതിരുന്ന ഇടതുസർക്കാർ പ്രശ്നങ്ങളിൽ നിന്നും ഒളിച്ചോടാനായി കേന്ദ്രസർക്കാരിന്മേൽ പഴിചാരുകയായിരുന്നു.
യഥാസമയം കണക്ക് നൽകാത്തതാണ് വിഹിതം അനുവദിക്കാതിരിക്കാൻ കാരണമെന്നായിരുന്നു കേന്ദ്രസർക്കാർ പറഞ്ഞത്. സംസ്ഥാന വിഹിതം ബാങ്കിലെത്തുകയും കേന്ദ്ര വിഹിതം വായ്പയായി നൽകാൻ തീരുമാനിച്ചതുമാണ് സമരം അവസാനിപ്പിക്കാൻ കാരണമായത്.
മഹിള ജനത ജനറൽ സെക്രട്ടറി നൗഫിയ നസീർ, സെക്രട്ടറി എം. വർഗീസ് എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു