വടക്കഞ്ചേരി ബസ് സ്റ്റാൻഡിനടുത്തുള്ള വെള്ളക്കെട്ടിന് പരിഹാരമായില്ല
1338838
Thursday, September 28, 2023 12:06 AM IST
വടക്കഞ്ചേരി: വടക്കഞ്ചേരി ബസ് സ്റ്റാൻഡിലെ പുതിയ ഡ്രെയിനേജിനെ അവഗണിച്ച് മഴവെള്ളവും ടൗണിലെ പുഴുക്കൾ നിറഞ്ഞ മലിനജലവുമെല്ലാം ഷോപ്പിംഗ് കോംപ്ലക്സുകൾക്കിടയിലൂടെ ഒഴുകുന്നതു തടയാൻ ഇനിയും നടപടിയായില്ല.
മഴ ശക്തിപ്പെട്ടാൽ വെള്ളം മെയിൻ റോഡിലും പരന്നൊഴുകുകയാണ്. ഈ വെള്ളത്തിൽ ശുദ്ധിവരുത്തിയാണ് കാൽനട യാത്രക്കാരും കടന്നുപോകുന്നത്.
കടകൾക്കു മുന്നിലൂടെ മലിനജലം ഒഴുകി പല സ്ഥാപനങ്ങളും പ്രവർത്തിക്കാൻ കഴിയാത്ത സ്ഥിതിയുമുണ്ട്. വെള്ളം ഒഴുകുന്നത് തടയാൻ പഞ്ചായത്തും നടപടി സ്വീകരിക്കുന്നില്ലെന്നാണ് ആക്ഷേപം.
പകർച്ചവ്യാധികൾ പിടിപെടുന്ന ഉറവിടമായി ഇവിടം മാറുമ്പോഴും പ്രശ്നത്തിന് പരിഹാരം കാണാതെ എല്ലാം കണ്ടും കണ്ണടയ്ക്കുകയാണ് ആരോഗ്യ വകുപ്പും. കെട്ടിടങ്ങൾക്കിടയിലൂടെ സ്ഥിരമായി വെള്ളം ഒഴുകുന്നത് കെട്ടിടങ്ങളുടെ ബലക്ഷയത്തിന് കാരണമാകുമെന്ന ആശങ്ക വ്യാപാരികൾക്കുമുണ്ട്. വെള്ളം ഒഴുകി പോകാൻ ബസ് സ്റ്റാൻഡിന്റെ പ്രവേശന ഭാഗത്ത് ലക്ഷങ്ങളേറെ ചെലവഴിച്ച് ഡ്രെയിനേജ് നിർമിച്ചിട്ടുണ്ടെങ്കിലും അതിന് നിലവിലുള്ള പ്രദേശത്തേക്കാൾ ഉയരം കൂടുതലായി. ഡ്രെയിനേജ് നിർമിച്ച് സ്ലാബിട്ട് എല്ലാം അടച്ച് ഭദ്രമാക്കിയിരിക്കുകയാണിപ്പോൾ. ഇതിലേക്ക് വെള്ളം വിട്ടാൽ ഡ്രെയിനേജ് വൃത്തിഹീനമാകുമെന്നാണ് പറയുന്നത്. എന്നാൽ നിർമാണ സമയത്ത് അധികൃതർ ഇത് ആലോചിച്ചതുമില്ല.
വിദേശരാജ്യങ്ങളിലും നമ്മുടെ നാട്ടിലുമെല്ലാം വെള്ളം താഴേക്ക് മാത്രമെ ഒഴുകൂ എന്ന പൊതുതത്വം പോലും ഇവിടെ ശ്രദ്ധിച്ചിട്ടില്ലെന്നാണ് വ്യാപാരികൾ കുറ്റപ്പെടുത്തുന്നത്. ഇവിടുത്തെ കനാലുകളെല്ലാം രാഷ്ട്രീയ സ്വാധീനത്തിൽ നികത്തിയും അടച്ചും കൈയേറിയുമെല്ലാം ഇല്ലാതായി. വെള്ളം ഡ്രെയിനേജിലൂടെ തന്നെ ഒഴുക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വ്യാപാരികൾ പഞ്ചായത്തിന് പരാതി നൽകിയെങ്കിലും അതിലും നടപടിയുണ്ടായിട്ടില്ല.