മോഹനൻ പള്ളിക്കാട്: വയസ് 56, സന്ദർശിച്ച രാജ്യങ്ങൾ 63
1338841
Thursday, September 28, 2023 12:06 AM IST
ഫ്രാൻസിസ് തയ്യൂർ
വടക്കഞ്ചേരി: വിദേശ രാജ്യങ്ങളിൽ എന്ത് സംഭവിച്ചാലും മോഹനൻ പള്ളിക്കാടിന് അതെല്ലാം സ്വന്തം നാട്ടിലേയും വീട്ടിലേയും കാര്യങ്ങൾ പോലെയാണ്. കാനഡയിലെ പ്രശ്നങ്ങളാണ് മോഹനനെ ഇപ്പോൾ അലട്ടുന്നത്. ഇതിന് കാരണമുണ്ട്. കാനഡ ഉൾപ്പെടെ മോഹനൻ സന്ദർശിക്കാത്ത വിദേശ രാജ്യങ്ങൾ കുറവാണ്. ഓരോ സ്ഥലത്തും പലതവണ പോയിട്ടുമുണ്ട്. ദുബായിലും തായ്ലൻഡിലും 25 തവണയെങ്കിലും പോയിട്ടുണ്ടെന്ന് മോഹനൻ പറയുന്നു.
നാട്ടിലെ അടുത്ത ഒരു ടൗണിലേക്ക് പോയി വരുന്നതുപോലെയാണ് മോഹനന് വിദേശയാത്ര. കുട്ടിക്കാലം മുതൽതന്നെ യാത്രകളെ ഏറെ ഇഷ്ടപ്പെടുന്ന ആളാണ് മോഹനൻ. ഇതിനായി നന്നേ ചെറു പ്രായത്തിൽ തന്നെ ജോലി ചെയ്ത് അതിനുള്ള വരുമാനം കണ്ടെത്താൻ തുടങ്ങി. കഴിഞ്ഞ 30 വർഷത്തോളമായി വടക്കഞ്ചേരി ടൗണിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ ഉടമയാണ് മോഹനൻ പള്ളിക്കാട്. താത്പര്യവും ആഗ്രഹവും ഉണ്ടെങ്കിൽ മറ്റെല്ലാം താനേ ഉണ്ടാകുമെന്നാണ് മോഹനന്റെ യാത്രാ ശാസ്ത്രം.
ഇരുപത്തിമൂന്നാം വയസിൽ ദുബായിയിലേക്കായിരുന്നു ആദ്യ യാത്ര. ഓരോ രാജ്യങ്ങളിലെ സംസ്കാരം, വൈവിധ്യങ്ങൾ, ജനങ്ങളുടെ ജീവിതരീതികൾ, ഭാഷ, വികസനം തുടങ്ങി ശുചിത്വം മുതൽ ആ രാജ്യത്തെ മനോഹാരിത വരെ മോഹനന് ഇഷ്ടപ്പെടുന്ന കാര്യങ്ങളാണ്. ഏറ്റവും കുറഞ്ഞ ചെലവിൽ പോകാവുന്ന സ്ഥലമാണ് തായ്ലൻഡ്. നാൽപതിനായിരം രൂപയുണ്ടെങ്കിൽ നാലുദിവസം തങ്ങി അടിച്ചുപൊളിച്ചു വരാം.
സ്വിറ്റ്സർലൻഡാണ് ഏറ്റവും മനോഹരമായ രാജ്യം. ഫ്രാൻസ്, ഇറ്റലി, ജർമനി, ബ്രിട്ടൻ, വത്തിക്കാൻ, ചൈന മറ്റു ഗൾഫ് രാജ്യങ്ങൾ തുടങ്ങി 63 രാജ്യങ്ങളിൽ ഇതിനകം മോഹനൻ സന്ദർശനം നടത്തിയിട്ടുണ്ട്. വിദേശയാത്ര ചെയ്യുമ്പോൾ ഭാര്യ സിന്ധു, മക്കളായ സുധൻ, ഡോ.സാന്ദ്ര, മരുമകൾ സരിഗ എന്നിവരുമുണ്ടാകും. മകനും മരുമകളും ഇപ്പോൾ കാനഡയിലാണ്. യാത്രകളിൽ മോഹനന് ഭാഷയും പ്രശ്നമല്ല. ചെറിയ ഇംഗ്ലീഷിൽ കാര്യങ്ങൾ സാധിക്കുമെന്നാണ് മോഹനൻ പറയുന്നത്.
സന്തോഷ് കുളങ്ങര എന്നാണ് നാട്ടിൽ മോഹനൻ പള്ളിക്കാട് അറിയപ്പെടുന്നത്. ഓൾ കേരള പ്രൈവറ്റ് ബാങ്കേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ്, വ്യാപാരി വ്യവസായി ഏകോപന സമിതി, സംസ്കാര തുടങ്ങി ഒരു ഡസനോളം സംഘടനകളുടെ ചുമതലക്കാരൻ കൂടിയാണ് മോഹനൻ.