ഒറ്റപ്പാലത്ത് തെരുവുവിളക്കുകൾ ഉടൻ പ്രവർത്തനക്ഷമമാക്കും
1338846
Thursday, September 28, 2023 12:06 AM IST
ഒറ്റപ്പാലം: പാലക്കാട്-കുളപ്പുള്ളി പ്രധാന പാതയിൽ ഒറ്റപ്പാലം നഗരസഭാ പ്രദേശത്തെ തെരുവുവിളക്കുകള്‍ പ്രവർത്തനക്ഷമമാക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കാൻ തീരുമാനം.
രാത്രികാലങ്ങളിൽ പരിപൂർണ്ണമായി അന്ധകാരത്തിലാകുന്ന ഒറ്റപ്പാലം നഗരവും പരിസരപ്രദേശങ്ങളും സാമൂഹ്യവിരുദ്ധന്മാരുടെ സങ്കേതമായി തീർന്നിരിക്കുന്ന സാഹചര്യമുണ്ട്.
പാലക്കാട്-കുളപ്പുള്ളി പ്രധാന പാതയിലാണ് സാമൂഹ്യവിരുദ്ധന്മാരുടെ ശല്യം ഇപ്പോൾ കൂടിയിട്ടുള്ളത്. തെരുവുവിളക്കുകള്‍ സ്ഥാപിച്ച് ഒരു വ്യാഴവട്ടക്കാലം കഴിഞ്ഞിട്ടും ഒരുതവണപോലും പ്രകാശിക്കാത്ത അവസ്ഥയാണ്. ഈ സാഹചര്യം മറികടന്ന് തെരുവുവിളക്കുകൾ പ്രവർത്തനസജ്ജമാക്കാനുള്ള അടിയന്തിര നടപടികൾ സ്വീകരിക്കാനാണ് ഒറ്റപ്പാലം നഗരസഭയുടെ തീരുമാനം. പാലക്കാട്-കുളപ്പുള്ളി പാതയിലെ 360 തെരുവുവിളക്കുകളിൽ ഒറ്റപ്പാലം പട്ടണത്തിലുള്ള 20 എണ്ണം പ്രവർത്തന സജ്ജമാക്കാനാണ് നഗരസഭ നടപടി തുടങ്ങിയത്.
മറ്റ് വിളക്കുകൾ പ്രകാശിപ്പിക്കാനുള്ള പദ്ധതി ഇനിയും നീളും. പട്ടണത്തിലെ വിവിധ റോഡുകളിലായുള്ള പഴയ തെരുവുവിളക്കുകൾ പുനരുദ്ധരിച്ചാണ് പ്രവർത്തന സജ്ജമാക്കുന്നത്. സ്വകാര്യ സ്ഥാപനങ്ങളുടെ സഹായത്തോടെയാണ് പ്രവർത്തനം. ഈ വിളക്കുകളുടെ പരിപാലനവും വൈദ്യുതി ചെലവും ഇതേ സ്വകാര്യസ്ഥാപനങ്ങൾ വഹിക്കും.
നഗരസഭയ്ക്ക് ചെലവില്ലാതെയാണ് പദ്ധതി നടപ്പാക്കുന്നത്. പാലക്കാട് സ്റ്റേറ്റ് ബാങ്ക് ജംഗ്ഷൻ മുതൽ കുളപ്പുള്ളി വരെയുള്ള 45 കിലോമീറ്റർ ദൂരത്തിൽ ഏകദേശം 360 തെരുവുവിളക്കുകൾ സ്ഥാപിച്ചിരുന്നു.
പാതയുടെ നിർമാണത്തിനൊപ്പം സ്ഥാപിക്കപ്പെട്ട ലൈറ്റുകളുടെ പരിപാലനവും വൈദ്യുത ബില്ലും ആരെറ്റെടുക്കുമെന്ന തർക്കത്തെത്തുടർന്നാണ് 12 വർഷത്തിലേറെ ലൈറ്റുകൾ പ്രവർത്തിക്കാതിരുന്നത്.
പാലക്കാട്-കുളപ്പുള്ളി പാതയിൽ അപകടങ്ങൾ കൂടുതലാണെന്നും ഇതിലേറെയും രാത്രിയിലാണെന്നും മോട്ടോർ വാഹനവകുപ്പ് കണ്ടത്തിയിരുന്നു.
മിക്ക അപകടങ്ങൾക്കും കാരണം റോഡിൽ വെളിച്ചമില്ലെന്നതാണെന്നും റിപ്പോർട്ടുണ്ടായിരുന്നു. ഇത് റോഡ് സുരക്ഷാ കൗൺസിൽ പരിശോധിക്കുകയും തെരുവുവിളക്കുകൾ സ്ഥാപിക്കാൻ തീരുമാനിക്കുകയുമായിരുന്നു.
അതിന്റെ ഭാഗമായി പൊതുമരാമത്ത് ഇലക്ട്രിക്കൽ വിഭാഗത്തിന്റെ നേതൃത്വത്തിൽ പരിശോധന നടത്തി.
ഒരു തെരുവുവിളക്കിൽപ്പോലും ഇതുവരെ വൈദ്യുതി പ്രവഹിച്ചിട്ടില്ലെന്നും കണ്ടെത്തി. പിന്നീട് ഇവയെല്ലാം പുനഃസ്ഥാപിക്കാൻ നടപടി തുടങ്ങി.
എന്നാൽ അതത് പ്രദേശത്തെ തദ്ദേശസ്ഥാപനങ്ങൾ പരിപാലനം ഏറ്റെടുക്കാതെ വന്നതോടെ പുനഃസ്ഥാപക്കാനുള്ള നടപടികൾ മന്ദഗതിയിലായി.
അതിനിടെയാണ് ഒറ്റപ്പാലം നഗരസഭ സ്വകാര്യ പങ്കാളിത്തത്തോടെ പട്ടണം കേന്ദ്രീകരിച്ച് വിളക്കുകൾ പ്രവർത്തനക്ഷമമാക്കുന്നത്.
പട്ടണത്തിന് പുറമേ ഒറ്റപ്പാലം ബസ് സ്റ്റാൻഡിനകത്തും തെരുവുവിളക്കുകൾ സ്ഥാപിക്കാനുള്ള നടപടി തുടങ്ങി.
ഓട്ടോ സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷനിലേക്കുള്ള വഴിയുടെ പരിസരം തുടങ്ങിയയിടങ്ങളിലായാണ് വിളക്കുകൾ സ്ഥാപിക്കുന്നത്. പട്ടണത്തിലെയും ബസ് സ്റ്റാൻഡിലെയും വിളക്കുകൾ ഒരുമിച്ച് പ്രവർത്തിപ്പിക്കാനാണ് നഗരസഭ ലക്ഷ്യമിടുന്നത്.