പാലക്കാട്-കുളപ്പുള്ളി പാതയുടെ ഗാരന്റി കാലം കഴിഞ്ഞു
1339081
Friday, September 29, 2023 12:27 AM IST
ഷൊർണൂർ: പാലക്കാട്-കുളപ്പുള്ളി പ്രധാന പാതയ്ക്ക് നിർമാണ കമ്പനി നല്കിയിരുന്ന ഗാരന്റി കാലം കഴിഞ്ഞു. 15 വർഷക്കാലത്തെ ആയുസാണ് ഈ പാതയ്ക്ക് നിർമാണ കമ്പനി വാഗ്ദാനം ചെയ്തിരുന്നത്. എന്നാൽ നിർമാണം കഴിഞ്ഞ് 17 വർഷം ഇതിനകം പാത പിന്നിട്ടുകഴിഞ്ഞു.
പാലക്കാട് മുതൽ കുളപ്പുള്ളി വരെ പാതക്ക് ഇനി റീ ടാറിംഗ് ഉൾപ്പെടെയുള്ള പ്രവൃത്തികൾ ചെയ്യേണ്ടതായി വരും. ഗുണനിലവാരത്തിൽ സംസ്ഥാനത്തിനുതന്നെ മാതൃകയായി ഹൈക്കോടതി ചൂണ്ടിക്കാണിച്ച പാതയാണിത്. മലേഷ്യൻ കമ്പനി 80 ശതമാനംപണി പൂർത്തീകരിച്ച പാലക്കാട്-കുളപ്പുള്ളി പാതയ്ക്ക് പെരുമയേറെയാണ്. കമ്പനി പണിതീർത്ത ഭാഗത്തെ റോഡ് 16 വർഷം വെയിലും മഴയും രണ്ട് പ്രളയങ്ങളും കണ്ടു. കമ്പനി പിന്മാറിയശേഷം നിർമിച്ച റോഡിന്റെ ഭാഗങ്ങൾ പലതവണ പൊളിഞ്ഞു.
റോഡ് മികച്ചതാണെങ്കിലും അപകടങ്ങൾക്ക് ഒരു കുറവുമില്ല. ഇപ്പോൾ ജില്ലയിൽ ഏറ്റവുംകൂടുതൽ അപകടംനടക്കുന്ന പാതയാണിത്. ഈ അപകടങ്ങളെ ചെറുക്കാനാവശ്യമായ സുരക്ഷാസംവിധാനങ്ങളൊന്നും പാതയിൽ നടപ്പായിട്ടില്ല. ലോകബാങ്ക് ഫണ്ടുപയോഗിച്ച് കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് പ്രോജക്ടിന്റെ (കെഎസ്ടിപി) നേതൃത്വത്തിൽ 2002 ലാണ് പണിതുടങ്ങുന്നത്. റോഡിന്റെ 80 ശതമാനം പണി പൂർത്തിയായിരിക്കെ മലേഷ്യൻ കമ്പനിയുടെ ചീഫ് പ്രോജക്ട് മാനേജർ ലീസീ ബെൻ ആത്മഹത്യ ചെയ്തു. അന്ന് കമ്പനി റോഡിന് 15 വർഷത്തെ ആയുസാണ് പറഞ്ഞിരുന്നത്. 17 വർഷം പിന്നിട്ടിട്ടും കമ്പനിനിർമിച്ച സ്ഥലത്തെ റോഡ് തകരാതെ നിൽക്കുന്നുണ്ട്.
ശേഷിച്ചഭാഗം സംസ്ഥാനത്തുതന്നെയുള്ള കമ്പനിയാണ് പണിതത്. ഈ റോഡ് പലതവണ തകർന്നു. ജില്ലയിലെ ആകെയുള്ള റോഡിന്റെ 0.4 ശതമാനമാണ് പാലക്കാട്-കുളപ്പുള്ളി പാത. എന്നാൽ, ജില്ലയിലെ 11 ശതമാനം അപകടവും നടക്കുന്നത് ഈ പാതയിലാണെന്നാണ് മോട്ടോർവാഹനവകുപ്പിന്റെ കണക്ക്.
കുഴികളില്ലാത്ത നല്ലപാതയിൽ അമിതവേഗമാണ് അപകടങ്ങൾക്ക് കാരണം. പത്തിരിപ്പാല, ലക്കിടി, മംഗലം, കണ്ണിയംപുറം, കയറംപാറ, പാലപ്പുറം, വാണിയംകുളം, പാതിപ്പാറ, കൂനത്തറ, കുളപ്പുള്ളി തുടങ്ങിയ സ്ഥലങ്ങൾ പ്രധാന ബ്ലാക്ക് സ്പോട്ടുകളാണ്. ഇവിടെ സ്ഥിരം അപകടകേന്ദ്രങ്ങളെന്ന നിലയിലാണ് മോട്ടോർവാഹനവകുപ്പ് ഈ പ്രദേശങ്ങളെ ബ്ലാക്ക് സ്പോട്ടുകളാക്കിയത്. ഇവിടങ്ങളിലൊന്നും സുരക്ഷാസംവിധാനങ്ങളില്ല.
രണ്ടുവർഷം മുമ്പ് മോട്ടോർവാഹന വകുപ്പും പോലീസും പൊതുമരാമത്ത് വകുപ്പും ചേർന്ന് അപകടംകുറയ്ക്കാനുള്ള നിർദേശങ്ങൾ ശുപാർശയായി റോഡ്സുരക്ഷാ അഥോറിറ്റിയ്ക്ക് നല്കിയിരുന്നു.
കെ. പ്രേകുമാർ എംഎൽഎയുടെ നേതൃത്വത്തിൽ വിവിധവകുപ്പുകൾ ചേർന്ന് റോഡ് പരിശോധിക്കയും സുരക്ഷയൊരുക്കാൻ തീരുമാനിക്കയും ചെയ്തിരുന്നു. രണ്ടാഴ്ചയ്ക്കകം സൂചനാബോർഡുകളും ബ്ലിങ്കിംഗ് ലൈറ്റുകളും ഉൾപ്പെടെയുള്ള മുൻകരുതൽ മാർഗങ്ങൾ ഒരുക്കുമെന്നായിരുന്നു തീരുമാനം. ഇതിന്റെ ഭാഗമായി 18 ലക്ഷം രൂപയുടെ പദ്ധതിരേഖയും റോഡുസുരക്ഷാ അഥോറിറ്റിക്ക് സമർപ്പിച്ചിരുന്നു.
ഒറ്റപ്പാലം പട്ടണത്തിൽ ഡിവൈഡറുകൾ സ്ഥാപിച്ചതും രണ്ട് ബ്ലിങ്കിംഗ് ലൈറ്റുകൾ വെച്ചതുമൊഴിച്ചാൽ മറ്റൊന്നും നടന്നിട്ടില്ല. പാതയുടെ ആയുസ് തീർന്നെങ്കിലും ശരിയായ രീതിയിൽ അറ്റകുറ്റപ്പണികളും നവീകരണങ്ങളും നടത്തിയാൽ പാതയുടെ ആയുസ് നീട്ടാമെന്നാണ് ചൂണ്ടിക്കാണിക്കുന്നത്.