പാലക്കുഴി തിണ്ടില്ലം മിനി ജലവൈദ്യുത പദ്ധതി: ശേഷിച്ച നിർമാണ പ്രവൃത്തികൾ നവംബറിൽ തുടങ്ങും
1339082
Friday, September 29, 2023 12:27 AM IST
വടക്കഞ്ചേരി: പാലക്കുഴി മലയോരവാസികളുടെ സ്വപ്ന പദ്ധതിയായ തിണ്ടില്ലം മിനി ജലവൈദ്യുത പദ്ധതിയുടെ ശേഷിച്ച ജോലികൾ നവംബറിൽ ആരംഭിക്കും. ഇതിന്റെ ഭാഗമായുള്ള റീ ടെൻഡർ നടപടികൾ നടന്നുവരികയാണ്. കോലഞ്ചേരി ആസ്ഥാനമായുള്ള കൺസ്ട്രക്ഷൻ കമ്പനിയാണ് ഇതുവരെയുള്ള വർക്കുകൾ നടത്തിയിരുന്നത്. ആറ് വർഷം മുമ്പത്തെ എസ്റ്റിമേറ്റ് പ്രകാരമായിരുന്നു വർക്കുകൾ നടത്തിയിരുന്നത്.
എന്നാൽ സിമന്റ്, കമ്പി, ലേബർ ചാർജ് തുടങ്ങി എല്ലാറ്റിനും ഇപ്പോൾ വില കൂടി. ഇത് പരിഗണിച്ച് തുക ഉയർത്തണമെന്ന് കരാർ കമ്പനി ആവശ്യപ്പെട്ടെങ്കിലും അതിൽ നടപടിയുണ്ടായില്ല. ഇതേ തുടർന്നാണ് കരാർ കമ്പനി വർക്കുകളിൽ നിന്നും പിന്മാറിയത്. ഇനി റീ ടെൻഡറിലൂടെയാണ് പുതിയ കരാർ കമ്പനിയെ കണ്ടെത്തുന്നത്. ടെൻഡർ നടപടികൾ ഒക്ടോബറിൽ പൂർത്തിയാക്കി നവംബറിൽ ശേഷിച്ച പണികൾ പുനരാരംഭിക്കാനാകുമെന്നാണ് വിലയിരുത്തൽ. വെള്ളച്ചാട്ടത്തിനു താഴെ കൊന്നക്കൽക്കടവിലെ പവർഹൗസിന്റെ നിർമാണമാണ് ഇനി പ്രധാനമായും ശേഷിച്ചിട്ടുള്ളത്.
ഇവിടേക്കുള്ള റോഡ് പണികളും പൂർത്തിയായിട്ടുണ്ട്. അടുത്ത കാലവർഷത്തോടെ പദ്ധതിയിൽ നിന്നും വൈദ്യുതി ഉത്പാദനമാണ് ലക്ഷ്യമിടുന്നത്. അതേ സമയം, സമയബന്ധിതമായി എല്ലാം നടക്കുമെന്ന് അധികൃതർ പറയുന്നുണ്ടെങ്കിലും രണ്ട് വർഷം കൊണ്ട് നിർമാണം കഴിയുമെന്ന പറഞ്ഞിരുന്ന പദ്ധതി ആറ് വർഷമായിട്ടും പാതിവഴിയിൽ നിൽക്കുന്നതിൽ മലയോരവാസികൾക്കും ആശങ്കയുണ്ട്. പദ്ധതിക്കായുള്ള പാലക്കുഴി അഞ്ചുമുക്കിലെ തടയണ ഉൾപ്പെടെയുള്ള പണികൾ പൂർത്തിയാക്കിയിരുന്നെങ്കിൽ വേനലിൽ പ്രദേശത്തെ ജലക്ഷാമത്തിനെങ്കിലും പരിഹാരമാകുമായിരുന്നെന്നാണ് ചൂണ്ടിക്കാട്ടുന്നത്. ദുർബലമായ കാലവർഷത്തിൽ നീരൊഴുക്ക് നന്നേ കുറഞ്ഞ് ഉള്ള വെള്ളവും ഒഴുകിപോകുന്ന സ്ഥിതിയാണിപ്പോൾ.
വേനലിൽ നിർമാണ പ്രവൃത്തികൾക്കുള്ള വെള്ളമില്ലാതെ പണികൾ നിർത്തിവച്ചതിനു ശേഷം പിന്നെ പവർഹൗസിന്റെ പണികളും നടന്നില്ല. തടയണ കെട്ടിനു മുകളിലൂടെ മറുഭാഗത്തേക്കുള്ള റോഡിന്റെ നിർമാണം പൂർത്തിയായിട്ടുണ്ട്. തടയണയിൽ സംഭരിക്കുന്ന വെള്ളം പവർഹൗസിലെത്തിച്ചാണ് വൈദ്യുതി ഉത്പാദനം നടത്തുക. വൈദ്യുതി ഉത്പാദനത്തിനുശേഷം വെള്ളം പവർഹൗസിനടുത്തു വച്ചു തന്നെ അതേ പുഴയിലേക്ക് ഒഴുക്കും വിധമാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. മലമുകളിലെ തടയണയിൽനിന്നു വനത്തിലൂടെ പൈപ്പുകൾ സ്ഥാപിക്കുന്നതിനുള്ള അനുമതി ഏതാനും മാസം മുമ്പ് വനംവകുപ്പിൽ നിന്നും ലഭിച്ചിരുന്നു. വനം വകുപ്പിന്റെ അനുമതിക്കായി വർഷങ്ങളുടെ കാത്തിരിപ്പ് വേണ്ടി വന്നതും നിർമാണം വൈകിപ്പിച്ചു.
ഉത്പാദിപ്പിക്കുന്ന വൈദ്യുതി കെഎസ്ഇബി ക്ക് കൈമാറിയാണ് പദ്ധതി ലാഭകരമാക്കുന്നത്. ഇതിനായി വൈദ്യുതി ലൈൻ എത്തിനിൽക്കുന്ന കൊന്നക്കൽകടവിൽ നിന്നും ഒന്നര കിലോമീറ്ററോളമുള്ള ഫൗർഹൗസിലേക്ക് വൈദ്യുതി പോസ്റ്റുകൾ സ്ഥാപിക്കലും നടന്നിട്ടുണ്ട്. ജൂൺമാസം മുതൽ ആറുമാസ കാലമാണ് വൈദ്യുതി ഉത്പാദനം നടക്കുക. തുടർന്നുള്ള മാസങ്ങളിൽ ജല ലഭ്യതക്കനുസരിച്ചാകും ഉല്പാദനം. വർഷത്തിൽ 3.78 മില്യൺ യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനാകുമെന്നാണ് കണ്ടെത്തിയിട്ടുള്ളത്. ജില്ലാ പഞ്ചായത്തിനു കീഴിലുള്ള പാലക്കാട് സ്മോൾ ഹൈഡ്രോ കമ്പനിയാണ് പദ്ധതി നടപ്പിലാക്കുന്നത്. 19 കോടി രൂപയുടെതായിരുന്നു ആദ്യ എസ്റ്റിമേറ്റ്. 2017 ഡിസംബർ 21നാണ് പദ്ധതിയുടെ നിർമാണോദ്ഘാടനം നടന്നത്.