പലചരക്ക് കട കത്തിനശിച്ചു; ഏഴുലക്ഷം രൂപയുടെ നഷ്ടം
1339083
Friday, September 29, 2023 12:27 AM IST
മുടപ്പല്ലൂർ: പന്തപറന്പിൽ പലചരക്ക് കട കത്തിനശിച്ചു. പന്തപറന്പ് സെയ്ത് മുത്തിന്റെ കടയാണ് ബുധനാഴ്ച രാത്രി കത്തിനശിച്ചത്. ഏഴ് ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഇന്നലെ പുലർച്ചെ പത്രവിതരണത്തിന് എത്തിയവരാണ് കടക്കുള്ളിൽ നിന്നും പുക ഉയരുന്നത് കണ്ടത്. തുടർന്ന് സമീപത്ത് തന്നെ താമസിക്കുന്ന കടയുടമ സെയ്ത് മുത്തിനെ വിവരമറിയിക്കുകയായിരുന്നു. വടക്കഞ്ചേരിയിൽ നിന്നും അഗ്നി രക്ഷാസേന എത്തിയാണ് തീ അണച്ചത്.
കടക്കുള്ളിൽ ഉണ്ടായിരുന്ന ഫ്രിഡ്ജ്, ഫർണീച്ചറുകൾ, അരി ഉൾപ്പെടെയുള്ള പലചരക്ക് സാധനങ്ങൾ എന്നിവ പൂർണമായും കത്തിനശിച്ചു. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. വടക്കഞ്ചേരി പോലീസും സ്ഥലത്തെത്തിയിരുന്നു. സെയ്ത് മുത്ത് കട തുടങ്ങി മൂന്ന് വർഷം തികയുന്ന ദിവസമാണ് അപകടം സംഭവിച്ചത്.