വി.ടി. ഭട്ടതിരിപ്പാട് സാംസ്കാരിക സമുച്ചയം നാല് മാസത്തിനുള്ളിൽ പൂര്‍ത്തിയാക്കും: മന്ത്രി സജി ചെറിയാന്
1339365
Saturday, September 30, 2023 1:13 AM IST
പാലക്കാട്: നിര്‍മാണം പുരോഗമിച്ചു കൊണ്ടിരിക്കുന്ന വി.ടി. ഭട്ടതിരിപ്പാട് സാംസ്കാരിക സമുച്ചയം നാല് മാസം കൊണ്ട് പൂര്‍ത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്. ഗവ. മെഡിക്കല്‍ കോളജിന് സമീപം നിര്‍മാണം പുരോഗമിക്കുന്ന സാംസ്കാരിക സമുച്ചയം സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാങ്കേതിക പ്രശ്നങ്ങള്‍ ഉണ്ടെന്നും നിര്‍മാണത്തിന്റെ ഭാഗത്തുനിന്നുള്ള തടസമല്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. സമീപത്തെ കോളനി നിവാസികളുടെ വെള്ളക്കെട്ട് പ്രശ്നം പരിഹരിക്കപ്പെടേണ്ടതുണ്ട്. ഇതിന് നാഷണല്‍ ഹൈവേ അധികൃതരുമായി സംസാരിക്കും. വലിയൊരു പ്രോജക്ട് ആണ് ചെയ്തിരിക്കുന്നത്.നിര്‍മ്മാണത്തിന്റെ പ്രധാന ഘട്ടങ്ങള്‍ കഴിഞ്ഞെന്നും അവസാന ഘട്ടമാണ് പുരോഗമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വി.ടി. ഭട്ടതിരിപ്പാട് സാംസ്കാരിക സമുച്ചയം പാലക്കാടിന്റെ സാംസ്കാരിക മേഖലക്ക് ഒരു വലിയ സംഭാവനയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.