വടക്കഞ്ചേരി ലൂർദ് മാത പള്ളിയിലെ അമ്മമാരുടെ കൈത്താങ്ങിൽ മറ്റൊരു ഭവനംകൂടി ഉയർന്നു
1340021
Wednesday, October 4, 2023 1:07 AM IST
വടക്കഞ്ചേരി: വടക്കഞ്ചേരി ലൂർദ്മാതാ ഫൊറോന പള്ളിയിലെ മാതൃവേദിയുടെ രണ്ടാംഘട്ട ഭവന നിർമാണ പദ്ധതിയുടെ ഭാഗമായി മാണിക്യപാടത്ത് നിർമാണം പൂർത്തിയാക്കിയ വീടിന്റെ ആശീർവാദകർമം ഇന്ന് രാവിലെ ഒമ്പതിന് രൂപതാധ്യക്ഷൻ മാർ പീറ്റർ കൊച്ചുപുരയ്ക്കൽ നിർവഹിക്കും. വികാരി ഫാ.ജെയ്സൺ കൊള്ളന്നൂർ, മാതൃവേദി രൂപത പ്രസിഡന്റ് സോളി തോമസ്, യൂണിറ്റ് ഭാരവാഹികൾ എന്നിവരുടെ നേതൃത്വത്തിൽ ഇടവകാംഗങ്ങളും ഗൃഹപ്രവേശന ചടങ്ങുകളിൽ പങ്കെടുക്കും.
ദാനമായി ലഭിച്ച അഞ്ച് സെന്റ് സ്ഥലത്താണ് ഭവന രഹിതരായ കുടുംബത്തിന് പുതിയ വീടുനിർമിച്ചു നൽകുന്നത്. കഴിഞ്ഞ മാർച്ച് 19നാണ് വീടിന്റെ തറകല്ലിടൽ നിർവഹിച്ചത്. 620 സ്ക്വയർ ഫീറ്റിലാണ് വീട് നിർമിച്ചിട്ടുള്ളത്. അമ്മമാർ ചെറിയ തുകകൾ ശേഖരിച്ചും സുമനസുകളുടെയും സഹായത്താലാണ് ഭവനപദ്ധതി നടപ്പിലാക്കുന്നതെന്ന് പ്രസിഡന്റ് എലിസബത്ത് സേവ്യർ പറഞ്ഞു.
ആനിമേറ്റർ സിസ്റ്റർ റോസ്മിൻ വർഗീസ്, വൈസ് പ്രസിഡന്റ് പ്രിൻസി ജോജി കൊള്ളാപ്പിള്ളിൽ, സെക്രട്ടറി മേരി മാത്യു എടപ്പള്ളിൽ, ട്രഷറർ ആൻസി സാജു ഒട്ടയ്ക്കൽ, കൈക്കാരന്മാരായ റെജി പൊടിമറ്റത്തിൽ, ഷാജി ആന്റണി ചിറയത്ത് തുടങ്ങിയവരുടെ മേൽനോട്ടത്തിലായിരുന്നു ഭവന നിർമാണം.