നീലഗിരിയിൽ ഉരുൾപൊട്ടൽ, മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടു
1373461
Sunday, November 26, 2023 2:25 AM IST
നീലഗിരി: വടക്കുകിഴക്കൻ കാലവർഷം ശക്തിപ്രാപിച്ചതിനാൽ ജില്ലയിൽ കനത്ത മഴ തുടരുന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഉരുൾപൊട്ടിയും മരങ്ങൾ കടപുഴകി വീണും നാശം സംഭവിച്ചിട്ടുണ്ട്. ജില്ലയിലെ നദികളും കരകവിഞ്ഞൊഴുകുകയാണ്.പ്രദേശത്തെ ജനജീവിതം പൂർണമായും സ്തംഭിച്ച നിലയിലാണ്.
ഇന്നലെ രാത്രി പെയ്ത കനത്ത മഴയിൽ മേട്ടുപ്പാളയം-കുന്നൂർ, മേട്ടുപ്പാളയം-കോത്തഗിരി റോഡുകളിൽ പലയിടത്തും മണ്ണിടിഞ്ഞ് 10 മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി ഇന്നലെ ഉച്ചയോടെ ഗതാഗതം പുനഃസ്ഥാപിച്ചു.
കൂനൂരിലെ മുത്തലമ്മൻപേട്ട, വണ്ടിച്ചോല, എംജിആർ നഗർ, ഉമരി കോട്ടേജ് തുടങ്ങി നിരവധി സ്ഥലങ്ങളിൽ ജനവാസ കേന്ദ്രങ്ങൾ തകർന്നു. കൂനൂർ അമ്മൻ നഗർ ഭാഗത്തെ വീടിനു മുകളിൽ പുലർച്ചെ പാറ വീണ് വീടിന് കേടുപാടുകൾ സംഭവിച്ചു.
അപകടത്തിൽ ആളപായമില്ല. അപകട സാധ്യതയുള്ള ജനവാസ മേഖലകളിലും താഴ്വര പ്രദേശങ്ങളിലും താമസിക്കുന്നവരോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാനും അപകടകരമായ സ്ഥലങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യരുതെന്നും ജില്ലാ ഭരണകൂടം നിർദേശിച്ചിട്ടുണ്ട്.
ദുരന്തബാധിത പ്രദേശങ്ങളിൽ നിന്ന് ആളുകളെ രക്ഷിക്കാൻ ദുരന്തനിവാരണ സംഘങ്ങൾ സജ്ജമായിട്ടുണ്ട്.