നവകേരള സദസിനു പണം നൽകില്ല: മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്ത്
1374303
Wednesday, November 29, 2023 1:48 AM IST
മണ്ണാർക്കാട്: നവകേരള സദസിന് ബ്ലോക്ക് പഞ്ചായത്തിന്റെ തനതുഫണ്ടിൽനിന്ന് ഒരു ലക്ഷം രൂപ നൽകാനുള്ള നിർദേശത്തെ മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്ത് എതിർത്തു. ഭരണസമിതിയുടെ ഇന്നലത്തെ യോഗം പണം നല്കാൻ കഴിയില്ലെന്നു തീരുമാനമെടുത്തു. ബിഡിഒ യോഗത്തിൽ സർക്കാർ ഉത്തരവ് വായിച്ചെങ്കിലും യുഡിഎഫിന്റെ പതിനൊന്നു മെമ്പർമാരും പണം നല്കാൻ കഴിയില്ലെന്ന് അറിയിച്ചു.
നവകേരളസദസിനു പണം ആവശ്യപ്പെട്ട് അഡീഷനൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ നവംബർ ഒന്നിന് ഇറക്കിയ ഉത്തരവ് നിയമവിരുദ്ധമാണെന്നും പഞ്ചായത്തുകളോട് തനതുഫണ്ടിൽനിന്ന് പണം നൽകണമെന്ന് നിർദേശിക്കാനുള്ള അധികാരം സർക്കാരിനോ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കോ ഇല്ലെന്നും തനതു ഫണ്ട് എന്ത് അവശ്യത്തിന് ഉപയോഗിക്കണമെന്ന് തീരുമാനിക്കാനുള്ള അധികാരം ഭരണ സമിതിക്കും പ്രസിഡന്റിനും മാത്രമാണ് ഉള്ളതെന്നും അതുകൊണ്ട് മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി സർക്കാരിന്റെ ഈ സർക്കുലർ നിരാകരിക്കുകയാണെന്നും ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബഷീർ തെക്കൻ യോഗത്തിൽ പറഞ്ഞു.
ഭരണപക്ഷ അംഗങ്ങൾ കൈയടിച്ച് തീരുമാനം പാസാക്കി. നവകേരള സദസിനെ രാഷ്ട്രീയമായി കാണേണ്ടതില്ലെന്നു പറഞ്ഞ എൽഡിഎഫ് മെമ്പർമാർക്ക്, മുഖ്യമന്ത്രിയും മന്ത്രിമാരും നവകേരളസദസിന്റെ പേരിൽ സർക്കാരിന്റെ പണം എടുത്ത് രാഷ്ട്രീയപ്രവർത്തനവും പ്രചാരണവും നടത്തുകയാണന്നും പെൻഷൻ ലഭിക്കാതെ സാധാരണക്കാരും ജീവനക്കാരും ദുരിതം പേറുകയാണന്നും മുഹമ്മദ് ചെറൂട്ടി മറുപടി നല്കി.
ഭൂരിപക്ഷം അംഗങ്ങളുടെ തീരുമാനപ്രകാരം നവകേരള സദസിനു പണം നൽകേണ്ടതില്ലെന്ന തീരുമാനം എടുക്കുന്നതായി പ്രസിഡന്റ് വി. പ്രീത അറിയിച്ചു. യുഡിഎഫ് അംഗങ്ങളായ മുസ്തഫ വറോടൻ, പി.വി. കുര്യൻ, ഷാനവാസ്, പടുവിൽ കുഞ്ഞിമുഹമ്മദ്, ബിജി ടോമി, കെ.പി. ബുഷ്റ, തങ്കം മഞ്ചാടിക്കൽ, മണികണ്ഠൻ വടശേരി എന്നിവർ സർക്കാർ ഉത്തരവിനെ എതിർത്ത് പ്രസംഗിച്ചു.