കായികതാരം ഓംകാർ നാഥ് വാഹനാപകടത്തിൽ മരിച്ചു
1374781
Thursday, November 30, 2023 11:00 PM IST
പുനലൂർ: കൊല്ലം -തിരുമംഗലം ദേശീയപാതയില്‍ വാഹനാപകടത്തില്‍ മുൻ കായികതാരം അന്തരിച്ചു. ദേശീയ തലത്തില്‍ മെഡല്‍ ജേതാവായ തൊളിക്കോട് സ്വദേശി ഓംകാര്‍ നാഥ് (25)ആണ് മരിച്ചത്. തിരുവനന്തപുരം എസ്എ പി പോലീസ് ക്യാമ്പിൽ ഹവിൽദാർ ആയിരുന്നു.
മൃതദേഹം ഔപചാരിക ബഹുമതികളോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു. സ്കൂള്‍ ഗെയിംസിലൂടെയാണ് ഓംകാര്‍നാഥ് അത്ലറ്റിക്സില് എത്തുന്നത്. 58-ാമത്് സംസ്ഥാനസ്കൂള്‍ കായികമേളയിലും 100 മീറ്ററില്‍ ഓംകാര്‍നാഥിനായിരുന്നു സ്വര്‍ണം. തൊളിക്കോട് മുളന്തടം ഓംകാരത്തിൽ രവീന്ദ്രനാഥിന്റേയും മിനി ആർ നാഥിന്റേയും മകനാണ്. ഏക സഹോദരി പൂജ ആര്.നാഥ്.
കൊല്ലം -തിരുമംഗലം ദേശീയപാതയില്‍ പുനലൂര്‍ വാളക്കോട് പള്ളിക്ക് സമീപം കഴിഞ്ഞ ദിവസം രാത്രി 12നായിരുന്നു അപകടം. സുഹൃത്തിന്റെ പുതിയ വാഹനം ഓടിച്ചു നോക്കുന്നതിനുവേണ്ടി കലയനാട് ഭാഗത്തേക്ക് പോകുമ്പോഴായിരുന്നു അപകടം.
നിയന്ത്രണം വിട്ട ബൈക്ക് റോഡ് അരികിൽ ഉണ്ടായിരുന്ന മരത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു. പുറകിൽ സഞ്ചരിച്ചിരുന്ന സുഹൃത്ത് കലയനാട് ഗ്രേസിംഗ് ബ്ലോക്ക് അഖിൽ ഭവനിൽ അമൽ ( 23) സാരമായ പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാൾ അപകടനില തരണം ചെയ്തിട്ടുണ്ട്.