മലയാളികളുടെ ഹൃദയത്തിൽ ആടിയും പാടിയും ഇടംപിടിച്ച പ്രിയ കലാകാരൻ കലാഭവൻ മണി ഓർമയായിട്ട് ഇന്ന് പത്ത് വർഷം പൂർത്തിയാകുന്നു. സിനിമയിലും നാടൻപാട്ടുകളിലും ഒരുപോലെ വിസ്മയം തീർത്ത ആ മണിനാദം നിലച്ചിട്ട് പത്താണ്ടു തികയുമ്പോൾ, കേരളം ആ അതുല്യ കലാകാരനെ കണ്ണീരോടെ അനുസ്മരിക്കുന്നു.
2016 മാർച്ച് ആറിനായിരുന്നു സിനിമാ ലോകത്തെ ഒന്നടങ്കം ഞെട്ടിച്ചുകൊണ്ട് മണി വിടവാങ്ങിയത്. സാധാരണക്കാരനായ ഒരു ഓട്ടോറിക്ഷാ ഡ്രൈവറിൽ നിന്ന് ദേശീയ-സംസ്ഥാന പുരസ്കാരങ്ങൾ നേടുന്ന നടനിലേക്കുള്ള മണിയുടെ വളർച്ച പോരാടുന്ന ഓരോ മലയാളിക്കും പ്രചോദനമായിരുന്നു.
മിമിക്രി വേദികളിൽ നിന്ന് സിനിമയിലെത്തിയ മണി, ഹാസ്യകഥാപാത്രങ്ങളിലൂടെയാണ് തുടക്കമിട്ടതെങ്കിലും പിന്നീട് വില്ലനായും നായകനായും കരുത്തുറ്റ കഥാപാത്രങ്ങളെ മലയാളികൾക്ക് സമ്മാനിച്ചു. ‘സല്ലാപം’ എന്ന ചിത്രത്തിലെ ചെത്തുകാരൻ രാജപ്പൻ ഉൾപ്പെടെയുള്ള വേഷങ്ങൾ മണിയുടെ അഭിനയജീവിതത്തിലെ നാഴികക്കല്ലുകളാണ്.
വിസ്മൃതിയിലാകാൻ പോയ നാടൻപാട്ടിനെ ജനപ്രിയ കലാരൂപമാക്കുന്നതിൽ അദ്ദേഹം വഹിച്ച പങ്ക് വളരെ വലുതാണ്. നാടൻപാട്ടുകൾ മുഴങ്ങാത്ത ഉത്സവപ്പറമ്പുകളും ഗാനമേളകളും ഇന്നും കേരളത്തിൽ കാണാനില്ല എന്നത് മണി എന്ന കലാകാരന്റെ അനശ്വരത തെളിയിക്കുന്നു.
അതേസമയം, മണി വിടവാങ്ങി പത്ത് വർഷം പിന്നിടുമ്പോഴും അദ്ദേഹത്തിന്റെ ജന്മനാടായ ചാലക്കുടിയിൽ ഉചിതമായൊരു സ്മാരകം യാഥാർഥ്യമാകാത്തത് വലിയ പ്രതിഷേധത്തിനിടയാക്കുന്നുണ്ട്. സ്മാരകമൊരുക്കാൻ മുൻകൈ എടുത്ത് സർക്കാർ നടപടികൾ ആരംഭിക്കുകയും തുക അനുവദിക്കുകയും ചെയ്തിരുന്നെങ്കിലും, ജനപ്രതിനിധികളുടെയും നഗരസഭയുടെയും ഭാഗത്തുനിന്നുണ്ടായ നിസഹകരണം നിർമാണത്തെ തടസപ്പെടുത്തുന്നതായി ആക്ഷേപമുണ്ട്. ഫോക് ലോർ അക്കാദമിയുടെ ഉപകേന്ദ്രമായി വിഭാവനം ചെയ്ത പദ്ധതിയുടെ മണ്ണ് പരിശോധനയും ഉദ്ഘാടനവും പൂർത്തിയായെങ്കിലും തുടർനടപടികൾ നിലച്ചു.
മുൻ എംഎൽഎയുടെയും എൽഡിഎഫ് ഭരണസമിതിയുടെയും കാലത്ത് നാല് കോടി രൂപ ചെലവിൽ പാർക്കിന്റെ ഒന്നാംഘട്ടം പൂർത്തിയാക്കിയിരുന്നു. എന്നാൽ പിന്നീട് വന്ന യുഡിഎഫ് കൗൺസിലുകളും എംഎൽഎയും തുടർന്നുള്ള പ്രവർത്തനങ്ങൾക്ക് തയാറായില്ലെന്ന് കലാകാരന്മാർ ആരോപിക്കുന്നു.
മണിയുടെ ഓർമയ്ക്കായി നടത്തിയിരുന്ന അഖില കേരള ഓണംകളി മത്സരം നിലച്ചതും പാൽപ്പാറയിലെ സ്മാരക പാർക്കിന്റെ രണ്ടാംഘട്ട നിർമാണം മുടങ്ങിയതും വലിയ നിരാശയാണ് ആരാധകർക്കിടയിലുണ്ടാക്കുന്നത്. നിർമാണം അടിയന്തരമായി പൂർത്തിയാക്കണമെന്നാവശ്യപ്പെട്ട് വിവിധ സംഘടനകൾ സമരങ്ങൾ നടത്തിയെങ്കിലും അധികൃതർ മൗനം തുടരുകയാണ്.