കങ്കണ റണാവത്ത്.
2014-ൽ പുറത്തിറങ്ങിയ റിവോൾവർ റാണി എന്ന ചിത്രത്തിൽ ചുംബനരംഗം ചിത്രീകരിക്കുന്പോൾ, കങ്കണ റണാവത്ത്, സഹനടൻ വീർ ദാസിന്റെ ചുണ്ടിൽ കടിച്ചുവെന്നും ചോര പൊടിഞ്ഞെന്നുമുള്ള വാർത്തകളിൽ പ്രതികരിച്ച് താരങ്ങൾ രംഗത്ത്. ബോളിവുഡിൽ പലപ്പോഴും പഴയ സിനിമകളിലെ രംഗങ്ങളും അതിനെച്ചൊല്ലിയുള്ള കിംവദന്തികളും വർഷങ്ങൾക്കുശേഷവും ചർച്ചയാകാറുണ്ട്. അത്തരത്തിലൊന്നാണ് ഇപ്പോൾ സംഭവിച്ചിരിക്കുന്നത്. ഒരു മുതിർന്ന മാധ്യമപ്രവർത്തകയുടെ അഭിമുഖത്തോടെയാണ് പഴയ കഥ വീണ്ടും സമൂഹമാധ്യമങ്ങളിൽ വലിയ തോതിൽ ചർച്ചയായത്.
ശുദ്ധ അസംബന്ധം എന്നാണ് വീർ ദാസിന്റെ പ്രതികരണം. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിലൂടെയാണ് താരം സത്യാവസ്ഥ വ്യക്തമാക്കിയത്. പ്രചരിക്കുന്ന കഥകളെല്ലാം വെറും ഭാവന മാത്രമാണെന്ന് താരം കുറിച്ചു:
ഒരു കാര്യം വ്യക്തമാക്കാം, ഈ കഥ തികച്ചും വ്യാജമാണ്. കങ്കണ സെറ്റിൽ പൂർണമായും പ്രൊഫഷണൽ ആയിരുന്നു. അവർ കഴിവും സർഗാത്മകതയുമുള്ള മികച്ച കലാകാരിയാണെന്ന് ഞാൻ ഇപ്പോഴും വിശ്വസിക്കുന്നു. അവർക്കെതിരെയുള്ള പ്രചാരണം തികച്ചും തെറ്റായ ഒന്നാണ്.
കൂടാതെ രാഷ്ട്രീയപരമായുമുള്ള തങ്ങളുടെ ഭിന്നതകളെക്കുറിച്ചും താരം പറഞ്ഞു. കോമഡി ഷോകളുടെ പേരിൽ കങ്കണ തന്നെ കുറ്റപ്പെടുത്തിയിട്ടുണ്ടാകും. എന്നാൽ സിനിമയുടെ സെറ്റിൽ തങ്ങൾക്കിടയിൽ പ്രശ്നങ്ങൾ ഉണ്ടായിട്ടില്ല. കങ്കണയ്ക്കെതിരേ നടക്കുന്ന ഇത്തരം അപവാദ പ്രചാരണങ്ങൾ തികച്ചും അന്യായമാണെന്നും വീർ ദാസ് പറഞ്ഞു.

ഏതോ വിചിത്ര ജീവിയുടെ സെക്സ് ഫാന്റസികളെന്ന് കങ്കണയുടെ പ്രതികരണം. വീർ ദാസിന്റെ പോസ്റ്റ് പങ്കുവച്ചുകൊണ്ടായിരുന്നു കങ്കണ പ്രതികരിച്ചത്. ആരോപണങ്ങൾ ഉന്നയിച്ച മാധ്യമപ്രവർത്തകയെ കടുത്ത ഭാഷയിൽ പരിഹസിക്കുകയും ചെയ്തു:
നന്ദി വീർ, പക്ഷേ ആരാണ് അവൾ? ഏതോ ഒരു വിചിത്ര ജീവി. അവരുടെ സെക്സ് ഫാന്റസികൾക്ക് വേണ്ടി നമ്മുടെ പേരുകൾ ഉപയോഗിക്കുകയാണെന്ന് തോന്നുന്നു. ഞാൻ നിന്റെ രക്തം കുടിക്കുന്നു എന്നും, പതിറ്റാണ്ടിന് ശേഷവും നീ ആ ട്രോമയിലാണെന്നുമുള്ള ഗോസിപ്പുകൾ വിചിത്രമാണ് - കങ്കണ എക്സിൽ കുറിച്ചു.
നേരത്തെ 2023-ലും ഇത്തരത്തിൽ ചുംബന വിവാദം ഉയർന്നപ്പോൾ കങ്കണ ഇൻസ്റ്റഗ്രാമിലൂടെ പരിഹാസവുമായി എത്തിയിരുന്നു. ഹൃത്വിക് റോഷന് ശേഷം ഞാൻ പാവം വീർ ദാസിന്റെ മാന്യതയും കളഞ്ഞോ? ഇതെപ്പോഴാണ് സംഭവിച്ചത്? എന്നായിരുന്നു അന്ന് കങ്കണ ചോദിച്ചത്.
സായ് കബീർ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രമാണ് റിവോൾവർ റാണി. കങ്കണ റണാവത്തും വീർ ദാസുമായിരുന്നു ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തിയത്. വർഷങ്ങൾക്കുശേഷം 2021-ൽ വീർ ദാസ് അവതരിപ്പിച്ച കോമഡി ഷോയുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ കടുത്ത അഭിപ്രായവ്യത്യാസങ്ങൾ ഉടലെടുത്തിരുന്നു. ഇന്ത്യയിലെ സ്ത്രീ സുരക്ഷ അടക്കമുള്ള വിഷയങ്ങൾ പരാമർശിച്ച ആ ഷോയ്ക്കെതിരേ കങ്കണ ശക്തമായി രംഗത്തുവരികയും വീർ ദാസിന്റെ കോമഡിയെ സോഫ്റ്റ് ടെററിസം - എന്നു വിശേഷിപ്പിക്കുകയും ചെയ്തിരുന്നു. നിലവിൽ മാണ്ഡിയിൽ നിന്നുള്ള ബിജെപി എംപി കൂടിയാണ് കങ്കണ.
Tags : Kangana Ranaut Vir Das Revolver Rani Bollywood news