കൊച്ചിൻ അലക്സ്
സംഗീത സംവിധായകനും ഗായകനുമായ എൻ.എ. അലക്സ് (കൊച്ചിൻ അലക്സ്- 82) അന്തരിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്ക് ചെന്നൈയിലായിരുന്നു അന്ത്യം. കുണ്ടന്നൂർ നെടുംപറമ്പിൽ കുടുംബാംഗമായ കൊച്ചിൻ അലക്സ് കാലങ്ങളായി ചെന്നൈയിലാണ് താമസം.
1981-ൽ പുറത്തിറങ്ങിയ നീയരികെ ഞാൻ അകലെ എന്ന മലയാള ചിത്രത്തിലൂടെയാണ് സംഗീതസംവിധായകനെന്ന നിലയിൽ അദ്ദേഹം ശ്രദ്ധേയനായത്.
സ്നേഹ സമ്മാനം, ലില്ലിപ്പൂക്കൾ ചുവന്നപ്പോൾ, ജൻമശത്രു, കാമലോല തുടങ്ങിയ സിനിമകളുടെ സംഗീത സംവിധായകനായിരുന്നു. ഒട്ടേറെ ആൽബങ്ങൾക്കും നാടകഗാനങ്ങൾക്കും ഈണം നൽകുകയും പാടുകയും ചെയ്തിട്ടുണ്ട്.
കെ.ജെ. യേശുദാസ്, വാണി ജയറാം, എസ്.പി ബാലസുബ്രഹ്മണ്യം, എസ്. ജാനകി, സുജാത മോഹൻ, എം.ജി. ശ്രീകുമാർ തുടങ്ങിയ പ്രമുഖ ഗായകർ അദ്ദേഹത്തിന്റെ സംഗീതത്തിൽ പാടിയിട്ടുണ്ട്. ചെന്നൈ ആസ്ഥാനമായുള്ള കലൈഞ്ജർ കണ്ണദാസന്റെ പ്രമുഖ നാടകട്രൂപ്പിലും ഇദ്ദേഹം ഏറെനാൾ പ്രവർത്തിച്ചിട്ടുണ്ട്.
ഭാര്യ: ലില്ലി (ലളിത). മക്കൾ: എ. വിമൽ ആന്റണി, എൻ.എ. രാജീവ് സോളമൻ. സംസ്കാരം ചൊവ്വാഴ്ച ഉച്ചയ്ക്ക് ചെന്നൈയിൽ.