താരരാജാക്കൻമാർ ഒന്നിക്കുന്ന പാട്രിയേറ്റിന് വൻ അഭിപ്രായം. ചിത്രത്തിന്റെ ആദ്യ ഷോ പൂർത്തിയായി. ചിത്രം ഗംഭിരമെന്നാണ് കണ്ടിറങ്ങിയവർ പറയുന്നത്. ചിത്രത്തിന്റെ ആദ്യ പകുതി മുഴുവനായും മമ്മൂട്ടിയുടേതാണ്. രണ്ടാം പകുതിയിലാണ് മോഹൻലാൽ വരുന്നത്.
ഡാനിയൽ ജെയിംസ് എന്ന സയന്റിഫിക് ഡയറക്ടർ ആയാണ് മമ്മൂട്ടി എത്തുന്നത്. റഹീം നായിക് ആയി മോഹൻലാലുമെത്തുന്നു. ഇരുവരും ഒരുമിച്ചുള്ള രംഗങ്ങൾ തന്നെയാണ് സിനിമയുടെ ഹൈലൈറ്റ്.
ഗാഡ്ജെറ്റുകൾ സ്വകാര്യതയിലേയ്ക്ക് എങ്ങനെ കൈകടത്തുന്നുവെന്നാണ് ചിത്രം പറഞ്ഞുവയ്ക്കുന്നത്.
ജെ.പി. സുന്ദരം എന്ന കേന്ദ്രമന്ത്രിയും അയാൾ നടത്തിയ ചില അനധികൃത ഇടപാടുകളുടേയും വിവരങ്ങൾ പുറംലോകത്തെ അറിയിക്കാൻ ശ്രമിക്കുകയാണ് മുൻ ഡിആർഡബ്ലിയു ഉദ്യോഗസ്ഥനായ ഡാനിയൽ ജെയിംസ്. വിമതൻ എന്ന സ്വന്തം യുട്യൂബ് ചാനലിലൂടെയാണ് ഡാനിയൽ ഇതിന് ശ്രമിക്കുന്നത്. ഇതിനിടയിൽ ഡാനിയൽ കണ്ടെത്തുന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് ചിത്രത്തെ നയിക്കുന്നത്. ഒരു ടെക് ത്രില്ലറാണ് ചിത്രം.
മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ ചിത്രമായി റിലീസിനൊരുങ്ങുന്ന പേട്രിയറ്റ് പ്രഖ്യാപന സമയം മുതൽ തന്നെ പ്രേക്ഷകർ ഏറെ ആകാംഷയോടെയും ആവേശത്തോടെയും കാത്തിരിക്കുന്ന ചിത്രമാണ്.
മമ്മൂട്ടി, മോഹൻലാൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ ഒരുക്കുന്ന ഈ മൾട്ടിസ്റ്റാർ ചിത്രത്തിൽ ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻതാര, രേവതി, രാജീവ് മേനോൻ എന്നിവരും പ്രധാന വേഷങ്ങൾ ചെയ്യുന്നുണ്ട്.
ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നിവയുടെ ബാനറിൽ ആന്റോ ജോസഫ്, കെ ജി അനിൽകുമാർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
സി ആർ സലിം പ്രൊഡക്ഷൻസ്, ബ്ലൂ ടൈഗേഴ്സ് ലണ്ടൻ എന്നീ ബാനറുകളിൽ സി.ആര്.സലിം, സുഭാഷ് ജോര്‍ജ് മാനുവല്‍ എന്നിവരാണ് ചിത്രത്തിന്റെ സഹ നിർമാണം നിർവഹിക്കുന്നത്. സി.വി.സാരഥിയും രാജേഷ് കൃഷ്ണയുമാണ് ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാര്‍.
Tags : Patriot Mammootty Mohanlal Mahesh Narayanan