വരുന്ന തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന തമിഴകം വെട്രി കഴകം അധ്യക്ഷൻ വിജയ്യ്ക്കെതിരെ വിമർശനവുമായി നടൻ പ്രകാശ് രാജ്. നടന് വേണ്ടി വിസിൽ അടിക്കാമെന്നും എന്നാൽ നാട് വിട്ടുകൊടുക്കാനാകില്ലെന്നും പ്രകാശ് രാജ് പറഞ്ഞു.
സിനിമയും രാഷ്ട്രീയവും രണ്ടും രണ്ടാണെന്നും സിനിമയിൽ മുഖ്യമന്ത്രിയായെന്നു കരുതി രാഷ്ട്രീയത്തിലെത്തിയാൽ ഉടൻ മുഖ്യമന്ത്രിയായെന്ന് സ്വയം കരുതരുതെന്നും അദേഹം വിമർശനത്തിന്റെ ഭാഷയിൽ പറഞ്ഞു.
‘‘സിനിമാ മോഡൽ എന്നൊന്നുണ്ട്. ഒറ്റ സിനിമയിൽ നിന്നു തന്നെ വലിയ ഹീറോ ആകാം, കാശ് സമ്പാദിക്കാം, വലിയ കാറുകൾ മേടിക്കാം. സിനിമയ്ക്കുള്ളിൽ തന്നെ ഡോക്ടറാം, എഞ്ചിനീയറാകാം, എന്തിന് മുഖ്യമന്ത്രി വരെയാകാം. രാഷ്ട്രീയത്തിൽ വന്നാൽ ഉടനെ മുഖ്യമന്ത്രിയാകുകയാണോ?
ആരാണ് രാഷ്ട്രീയം പറയുന്നത്. ഞാൻ പറയുന്ന അളവിൽ നിങ്ങൾ രാഷ്ട്രീയം സംസാരിക്കുന്നുണ്ടോ? ഇത്രയും വർഷത്തിനിടയ്ക്ക് തമിഴ്നാട്ടിലെ മക്കൾക്കോ, ഭാഷയ്ക്കോ നാടിനോ ഒരു പ്രശ്നം വന്നപ്പോൾ തുണയായി നിന്നിട്ടുണ്ടോ? നിങ്ങളുടെ മേൽ ജനങ്ങൾ വച്ചിരിക്കുന്ന സ്നേഹം സിനിമ കൊണ്ടുള്ള പ്രശസ്തി മൂലം മാത്രമാണ്, അല്ലാതെ രാഷ്ട്രീയത്തിനല്ല. അതിനെയാണ് നിങ്ങള്‍ ഉപയോഗിക്കുന്നത്.
വെയിലത്ത് ക്യൂ നിന്ന്, കട്ടൗട്ടുകൾ വച്ച്, ടിക്കറ്റെടുത്ത്, നാടിനെയും കൂലിയെയുമൊക്കെ വിട്ട് ഇവർ കാണിക്കുന്ന സ്നേഹത്തെ രാഷ്ട്രീയത്തിനായി ഉപയോഗിക്കുകയാണോ? ഒരു നടനെ അവർക്കിഷ്ടപ്പെട്ടാൽ മൂന്ന് വിരൽ വച്ച് വിസിലടിക്കും, പക്ഷേ നാടിനെ നൽകാൻ സമ്മതിക്കില്ല. നാടിനെ വിട്ടു കൊടുക്കാൻ പറ്റില്ല.
രാഷ്ട്രീയം വേറെ സിനിമ വേറെ, ആ സ്നേഹം വേറെ സിനിമ വേറെ. ആ സ്നേഹം വേറെ ഈ സ്നേഹം വേറെ. അതിന് ഇറങ്ങണം, സംസാരിക്കണം. സീമാൻ പത്ത് വർഷമായി ജനങ്ങളോട് സംസാരിക്കുന്നുണ്ട്. വലിയ നടന്മാർക്കൊന്നും അങ്ങനെ പെട്ടന്ന് ശോഭിക്കാനാകില്ല.
ദ്രവീഡിയന്‍ മോഡൽ വേണോ, അടിമ മോഡൽ വേണോ , സിനിമ മോഡൽ വേണോ. രാഷ്ട്രീയം ജനങ്ങള്‍ ചെയ്യേണ്ട കാര്യമാണ്. ജയിച്ചവർ ജനങ്ങൾക്കു വേണ്ടി പ്രവൃത്തിക്കണം. ഇവിടെ ഇന്ത്യയിൽ ജയിച്ചവർ രാഷ്ട്രീയം കളിക്കുന്നു, ജനങ്ങൾ അവർക്കു വേണ്ടി ജോലി ചെയ്യുന്നു. അത് മാറ്റണം.
ഇന്ത്യയുടെ രാഷ്ട്രീയം എന്താണ്, തമിഴ്നാട് എന്തിനെയൊക്കെയാണ് എതിർത്തു നിൽക്കുന്നത്. ഏത് അണികളാണ് നമുക്കൊപ്പം നിൽക്കുക. അത് ചിന്തിച്ച് വോട്ട് ചെയ്യണം.
ഞാൻ അവസാനമായി ഒന്നുകൂടി പറയുന്നു. ഇത് AIADMK മുന്നണിയും DMK മുന്നണിയും തമ്മിലുള്ള തിരഞ്ഞെടുപ്പല്ല, വിജയ് പറയുന്നതുപോലെ TVK-യ്ക്കുള്ള തിരഞ്ഞെടുപ്പുമല്ല. ഇത് ഐക്യവും ഭിന്നിപ്പും തമ്മിലുള്ള തിരഞ്ഞെടുപ്പാണ്. തമിഴ്നാട് എപ്പോഴും ഇന്ത്യയ്ക്ക് ഒരു മാതൃകയായി നിലകൊണ്ടിട്ടുണ്ട്. ഹിന്ദി അടിച്ചേൽപ്പിക്കലായാലും NEET ആയാലും, നാം അതിനെതിരെ നിലകൊള്ളണം. അതിലും ശക്തമായി നിലകൊള്ളാൻ, ഏത് മുന്നണിക്ക് വോട്ട് ചെയ്യണമെന്ന് നിങ്ങൾ തീരുമാനിക്കണം. ജനങ്ങളായ നാം രാഷ്ട്രീയ നീക്കങ്ങൾ നടത്തേണ്ട സാഹചര്യം ഉടലെടുത്തിരിക്കുന്നു. അത് ഐക്യമാണോ അതോ ഭിന്നിപ്പാണോ?’’–പ്രകാശ് രാജ് പറയുന്നു.
Tags : Prakash Raj Vijay tvk