മോഹിനിയാട്ടം സിനിമ സൈജു കുറുപ്പിന്റെ കരിയറിലെ 150-ാം ചിത്രമാണ്. ചിത്രം സൂപ്പർഹിറ്റായി മുന്നേറുമ്പോൾ സൈജു കുറിപ്പിന്റെ പേരെഴുതി കാണിക്കുന്ന ടൈറ്റിൽ കാർഡാണ് ആകർഷണങ്ങളിലൊന്ന്. സിനിമയ്ക്കൊപ്പം തന്നെ സൈജുവിന്റെ ടൈറ്റിൽ കാർഡും ആരാധകർ ചർച്ചയാക്കുകയാണ്.
ഇപ്പോഴിതാ ഈ ടൈറ്റിൽ കാർഡിനെക്കുറിച്ച് ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ സൈജു പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. "എനിക്ക് പേടിയായിരുന്നു. മിഥുന്റെ പേര് കാണുമെന്ന് എനിക്കറിയാമായിരുന്നു. സൈജു ചേട്ടാ നിങ്ങൾക്ക് വേണ്ടി ഞാനൊരു പരിപാടി വച്ചിട്ടുണ്ടെന്ന് കൃഷ്ണദാസ് എന്നോട് സൂചിപ്പിച്ചിരുന്നു.
പക്ഷേ എന്ത് പരിപാടിയാണെന്ന് എനിക്കറിയില്ല. ഞാൻ വിചാരിച്ചു താങ്ക്സ് കാർഡിൽ എന്തെങ്കിലും ഉണ്ടാകുമെന്ന്. റിലീസിന് മുൻപാണ് ഞാൻ ടൈറ്റിൽ കാർഡിന്റെ കാര്യം അറിയുന്നത്. ഇവർ അത് സോഷ്യൽ മീഡിയയിൽ എനിക്ക് ഫോട്ടോ എടുത്ത് അയച്ചു തന്നു. അപ്പോൾ ഞാൻ ഗ്രൂപ്പിൽ പറഞ്ഞു. തോമസ് ചേട്ടനും ദാസനും എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ സൽമാനുമുണ്ട് ആ ഗ്രൂപ്പിൽ.
എടാ ഇത് പണിയാകില്ലേ, ഇത് സൂപ്പർ സ്റ്റാറിന് കൊടുക്കുന്ന ടൈറ്റിൽ കാർഡ് ആണ് എന്ന്. ഈ മൂന്നു പേരും എന്റെ മെസേജിനോട് പ്രതികരിച്ചില്ല. ഒന്നില്ലെങ്കിൽ ഇത് ഓക്കെയാണ് ചേട്ടാ എന്നെങ്കിലും പറയണ്ടേ. ഇത് ഒന്നും പറഞ്ഞില്ല, അവർ ആ വോയ്സ് മെസേജ് കേൾക്കാത്ത പോലെ ആയിരുന്നു.
പിന്നെ ഞാൻ അത് വിട്ടു. തിയറ്ററിൽ എത്തിക്കഴിഞ്ഞപ്പോഴേക്കും ആളുകൾക്ക് ശരിക്കും ചിരിയാണ് വന്നത്. അപ്പോൾ എനിക്ക് സമാധാനമായി. അതായിരുന്നു ശരിക്ക് ഇവരുടെ ഉദ്ദേശ്യം. പക്ഷേ 150 എന്നുള്ള ആ കണക്ക് ശരിയാണ് കേട്ടോ".- സൈജു കുറുപ്പ് പറഞ്ഞു.