ബോളിവുഡ് ഗോസിപ്പ് കോളങ്ങളെ ഇന്നും ചൂടുപിടിപ്പിക്കുന്ന ഒന്നാണ് സൽമാൻ ഖാൻ - ഐശ്വര്യ റായ് - വിവേക് ഒബ്റോയ് ത്രികോണ പ്രണയം. വർഷങ്ങൾക്കിപ്പുറം, വിവേക് ഒബ്റോയിയുടെ കരിയർ എങ്ങനെ തകർന്നു എന്നതിനെക്കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് പ്രശസ്ത നിർമാതാവ് ശൈലേന്ദ്ര സിംഗ്.
2003-ൽ സൽമാൻ ഖാൻ തന്നെ ഭീഷണിപ്പെടുത്തുന്നു എന്ന് ആരോപിച്ച് വിവേക് ഒബ്റോയ് വിളിച്ചുചേർത്ത ആ വിവാദ പത്രസമ്മേളനം ആരും മറന്നിട്ടില്ല. ആ സമയത്ത് സൽമാൻ ഖാൻ എവിടെയായിരുന്നു എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ശൈലേന്ദ്ര. വിവേക് പത്രസമ്മേളനം നടത്തുമ്പോൾ സൽമാൻ തന്റെ കൂടെയുണ്ടായിരുന്നുവെന്ന് ശൈലേന്ദ്രകുമാർ വെളിപ്പെടുത്തുന്നു. ടിവിയിൽ ആ ദൃശ്യങ്ങൾ കണ്ടപ്പോൾ സൽമാൻ വല്ലാതെ പ്രകോപിതനായി. എന്ത് വിഡ്ഢിത്തമാണിത്- എന്നായിരുന്നു അദ്ദേഹത്തിന്റെ ആദ്യ പ്രതികരണം.
പെട്ടെന്ന് പൊട്ടിത്തെറിക്കുന്ന സൽമാനെ താനാണ് ശാന്തനാക്കിയതെന്ന് ശൈലേന്ദ്ര പറയുന്നു. പെട്ടെന്ന് പ്രതികരിക്കരുത്, പകരം പ്രവൃത്തിയിലൂടെ മറുപടി നൽകാനാണ് താൻ സൽമാനോട് പറഞ്ഞത്. വെള്ളിത്തിരയ്ക്കു പിന്നിലിരുന്ന് നിശബ്ദമായി പോരാടാൻ ഉപദേശിച്ചു.
സൽമാൻ പിന്നീട് ചെയ്തതും അതുതന്നെയാണെന്ന് തോന്നുന്നു. ബോളിവുഡിലെ സൽമാന്റെ സ്വാധീനം ഉപയോഗിച്ച് വിവേകിനു ലഭിക്കേണ്ടിയിരുന്ന പല അവസരങ്ങളും ഇല്ലാതാക്കിയെന്നും, അത് വിവേകിന്റെ കരിയറിനെ പാതാളത്തിലേക്കു തള്ളിയെന്നും ശൈലേന്ദ്ര കൂട്ടിച്ചേർത്തു.
പ്രണയം പോയി... കരിയറും പോയി!
ഐശ്വര്യയ്ക്ക് വേണ്ടിയായിരുന്നു വിവേക് സൽമാനെതിരേ പരസ്യമായി രംഗത്തിറങ്ങിയത്. എന്നാൽ ആ പോരാട്ടം വിവേകിന് ഇരട്ടി പ്രഹരമാണ് നൽകിയത്. ഐശ്വര്യയുമായുള്ള പ്രണയവും അധികകാലം നീണ്ടുനിന്നില്ല. വൈകാതെ അവർ വേർപിരിഞ്ഞു. വൻ വിജയങ്ങളുമായി കത്തിനിന്ന വിവേകിനെ തേടി പിന്നീട് നല്ല വേഷങ്ങൾ എത്തിയില്ല.
വിവേകിന്റെ ആ ഒറ്റപത്രസമ്മേളനം ബോളിവുഡ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ -സെൽഫ് ഗോൾ- ആയി ഇന്നും അവശേഷിക്കുന്നു.
Tags : Salman Khan Vivek Oberoi Aishwarya Rai