കന്നട സൂപ്പർതാരം യഷിനെ നായകനാക്കി ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ടോക്സിക് സിനിമയുടെ റിലീസ് വൈകുമെന്ന അഭ്യൂഹങ്ങൾ തള്ളി നിർമാതാക്കൾ. 2026 മാർച്ച് 19-ന് തന്നെ ചിത്രം ലോകമെമ്പാടും റിലീസ് ചെയ്യുമെന്ന് നിർമാതാക്കൾ അറിയിച്ചു.
ഗീതു മോഹൻദാസും യഷും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് ചിത്രത്തിന്റെ റിലീസ് തീയതി മാറ്റിവച്ചതായി കന്നഡ മാധ്യമങ്ങളടക്കം റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനിടെയാണ് നിർമാതാക്കളുടെ സ്ഥിരീകരണമുണ്ടാകുന്നത്.
ടോക്സിക് സിനിമ 2026 മാർച്ച് 19-ന് തന്നെ റിലീസ് ചെയ്യുമെന്ന് നിർമാതാക്കളിലൊരാളായ കെവിഎൻ പ്രൊഡക്ഷൻസ് എക്സിൽ കുറിച്ചു. സിനിമാ നിരൂപകൻ തരൺ ആദർശ് പങ്കുവച്ച പോസ്റ്റ് റീഷെയർ ചെയ്തുകൊണ്ടാണ് കെവിഎൻ പ്രൊഡക്ഷൻസ് റിലീസ് തീയതി സ്ഥിരീകരിച്ചത്.
‘കിംവദന്തികൾ നിർത്തൂ... യഷിന്റെ അടുത്ത ചിത്രം ടോക്സിക് വൈകുകയോ മാറ്റിവയ്ക്കുകയോ ചെയ്തിട്ടില്ല. 2026 മാർച്ച് 19 ന് തന്നെ ചിത്രം റിലീസ് ചെയ്യും. നിർമാതാക്കളോട് സംസാരിച്ചു. ടോക്സിക് 2026 മാർച്ച് 19 ന് (വ്യാഴാഴ്ച) റിലീസ് ചെയ്യാൻ തയ്യാറെടുക്കുകയാണ്. വിവിധ വിശേഷ ദിവസങ്ങളുള്ളതുകൊണ്ട് റിലീസിന് അനുയോജ്യമായ സമയമാണിത്.’ തരൺ കുറിച്ചതിങ്ങനെ.
ഇംഗ്ലിഷിലും കന്നഡയിലും ചിത്രീകരിച്ച ടോക്സിക് ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം ഉൾപ്പടെയുള്ള ഭാഷകളിൽ ഡബ്ബ് ചെയ്യും. ഗീതുമോഹൻദാസാണ് സംവിധാനം. വെങ്കട് കെ. നാരായണ, യഷ് എന്നിവരാണ് സിനിമ നിർമിക്കുന്നത്. മൂത്തോൻ എന്ന ചിത്രത്തിന് ശേഷം ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ടോക്സിക്.
Tags : Geetu Mohandas Yash Movie News