കേരള ബോക്സ് ഓഫീസിന് പുതിയ ഇൻഡസ്ട്രി ഹിറ്റ് നൽകി വാഴ 2. കേരള ബോക്സ്ഓഫിസിൽ ഏറ്റവുമധികം കലക്ഷൻ നേടുന്ന സിനിമയായി മാറിയിരിക്കുകയാണ് ചിത്രം.
124 കോടി രൂപയാണ് ചിത്രം കേരളത്തിൽ നിന്നും മാത്രം വാരിക്കൂട്ടിയത്. സിനിമ നാലാം വാരത്തിലെത്തുമ്പോൾ ആഗോള ബോക്സ്ഓഫിസ് കലക്ഷൻ 235 കോടിയാണ്.
കല്യാണി പ്രിയദര്‍ശന്റെ ലോകയെ വെട്ടിയാണ് വാഴയുടെ കുതിപ്പ്. അതേസമയം ആഗോള കലക്ഷനിൽ ഇപ്പോഴും മുന്നിൽ ലോകയാണ്.
കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ നാല് ഇൻഡസ്ട്രി ഹിറ്റുകളാണ് മലയാളത്തിനുണ്ടായത്. എമ്പുരാൻ, തുടരും, ലോക, വാഴ 2.
മഞ്ഞുമ്മൽ ബോയ്സിന്റെ റെക്കോർഡ് തകർത്ത് ഈ വർഷം ഇൻഡസ്ട്രി ഹിറ്റായി മാറിയ എമ്പുരാന്റെ റെക്കോർഡ് മാസങ്ങളുടെ ഇടവേളകളിലാണ് ലോക തകർത്തെറിഞ്ഞത്.
തെലുങ്കിലും കളക്ഷൻ കുതിക്കുകയാണെങ്കിൽ ലോക നേടിയ ആഗോള കലക്ഷൻ റെക്കോർഡും വാഴ മറി കടന്നേക്കും.
പുതുമുഖങ്ങൾക്ക് പ്രാധാന്യം നൽകി നവാഗത സംവിധായകനായ എസ്. സവിൻ സംവിധാനം ചെയ്ത ചിത്രമാണ് വാഴ 2. .
ഇൻസ്റ്റഗ്രാം റീൽസിലൂടെ പ്രശസ്തരായ ഹാഷിർ, അലൻ ബിൻ സിറാജ്, അജിൻ ജോയ്, വിനായക്, അമീൻ തുടങ്ങിയ ഒരുപറ്റം യുവതാരങ്ങൾ അണി നിരന്ന ചിത്രത്തിൽ സുധീഷ്, വിജയ് ബാബു, അജു വർഗീസ്, അരുൺ, അൽഫോൻസ് പുത്രൻ, വിനോദ് കെടാമംഗലം തുടങ്ങിയ പ്രമുഖരും അഭിനയിച്ചിട്ടുണ്ട്.
ഡബ്ല്യൂ.ബി.ടി.എസ് പ്രൊഡക്ഷൻസ്, ഇമാജിൻ സിനിമാസ്, സിഗ്നേച്ചർ സ്റ്റുഡിയോസ്, ഐക്കൺ സ്റ്റുഡിയോസ്, ഷൈൻ സ്ക്രീൻസ് എന്നീ ബാനറുകളിലായി വിപിൻ ദാസ്, ഹാരിസ് ദേശം, സാഹു ഗാരപാട്ടി, പി.ബി. അനീഷ്, ആദർശ് നാരായൺ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചത്.
Tags : Vaazha 2 Vipin Das Savin SA