തൃശ്ശൂർ ജില്ലയിലെ കേച്ചേരി എന്ന ഗ്രാമത്തിൽ മാപ്പിളപ്പാട്ടുകൾ അലയടിച്ചിരുന്ന കാലം. ചില നേരം മനുഷ്യർ സംസാരിക്കുന്നതും പരസ്പരം തർക്കിക്കുന്നതും വഴക്കു കൂടുന്നതും എല്ലാം മാപ്പിളപ്പാട്ടിന്റെ ശൈലിയിലായിരുന്നു! അക്കാലത്തൊക്കെ നാട്ടിൻപുറങ്ങളിൽ ഒരു പൊതുകിണർ മാത്രമേ ഉണ്ടാവൂ.
ഒക്കത്ത് കുടവുമായി പെണ്ണുങ്ങൾ കിണറ്റിൽ വെള്ളം കോരാൻ പോകുന്നതും പതിവുകാഴ്ചയായിരുന്നു. വെള്ളം കോരുന്ന നേരത്തും പലരും കുശലം ചോദിച്ചിരുന്നത് മാപ്പിളപ്പാട്ടിലൂടെ തന്നെ.
തൃശ്ശൂരിൽ നിന്നു കട്ടവണ്ടിയിലാണ് അന്ന് പലചരക്കുസാധനങ്ങൾ വരിക. കട്ട വണ്ടിയിലിരുന്ന് യാത്രക്കാർ മാപ്പിളപ്പാട്ട് പാടും. ഒരു പ്രത്യേക ഈണത്തിൽ ഒഴുകിയെത്തുന്ന പാട്ടുകൾ കേട്ട് ഒരു കൗമാരക്കാരൻ നിന്നിരുന്നു. കേച്ചേരിക്കാരൻ യൂസഫലി! മാപ്പിളപ്പാട്ട് പാടിയിരുന്ന യാത്രക്കാരും വണ്ടിയും അകലുമ്പോൾ യൂസഫലിക്ക് സങ്കടം വരും.അതിനാൽ പാട്ടിന്റെ ബാക്കി ഭാഗം മനസിൽ സ്വയം രചിച്ചു പാടിത്തുടങ്ങി.
യൂസഫലിയുടെ അമ്മ നജ്മക്കുട്ടിയും വളരെ മനോഹരമായി മാപ്പിളപ്പാട്ട് പാടിയിരുന്നു. അമ്മയും എന്റെ നാടുമാണ് എന്നെ കവിയാക്കിയത് എന്ന് അഭിമുഖങ്ങളിൽ മലയാളത്തിന്റെ പ്രിയ കവിയും ഗാനരചയിതാവുമായ യൂസഫലി പറഞ്ഞിരുന്നത് ഇതു കൊണ്ടാണ്.
1963 ല് രാമു കാര്യാട്ടിന്റെ മൂടുപടം എന്ന സിനിമയ്ക്കുവേണ്ടി മൈലാഞ്ചി തോപ്പിൽ മയങ്ങി നിൽക്കുന്ന മൊഞ്ചത്തി...എന്ന ഗാനം എഴുതിക്കൊണ്ടാണ് മലയാള സിനിമാ ലോകത്തേക്ക് യൂസഫലി പ്രവേശിക്കുന്നത്.(എം.എസ് ബാബുരാജ് സംഗീതം നൽകി ബാബുരാജ് തന്നെ പാടിയ ഗാനം) പിന്നീട് പതിന്നാലാം രാവുദിച്ചത് മാനത്തോ... ഇശൽ തേൻകണം ചോരുമീ നിന്റെ ചുണ്ടിൻ...കരിവള കയ്യാലെന്നെ... തുടങ്ങി എത്ര എത്ര ചലച്ചിത്ര ഗാനങ്ങളിലൂടെ മാപ്പിളപ്പാട്ടിന്റെ സൗന്ദര്യം കേച്ചേരി ആസ്വാദകർക്ക് പകർന്നു നൽകി.
ഇനി തികച്ചും വ്യത്യസ്തമായ യൂസഫലിയുടെ സർഗലോകത്തിലേക്ക് കടക്കാം. കല്യാണപ്പന്തൽ എന്ന സിനിമയ്ക്ക് വേണ്ടിയാണ് യൂസഫലി ആദ്യം ചഞ്ചല ചഞ്ചല നയനം... എന്ന സംസ്കൃതത്തിലെ മുഴുനീള ഗാനം രചിക്കുന്നത്.
ആസ്വാദകർ നെഞ്ചോട് ചേർത്ത രാമാ ജാനകി ജാനേ... എന്ന മുഴുനീള സംസ്കൃത ഗാനം, ധ്വനി എന്ന് ചിത്രത്തിനു വേണ്ടി യൂസഫലി രചിച്ചു. കൃഷ്ണ കൃപാ സാഗരം... സാമജ സഞ്ചാരിണി .. മാമവ മാധവ .. തുടങ്ങിയ മുഴുനീള സംസ്കൃത ഗാനങ്ങളും കേച്ചേരി സ്വദേശി യൂസഫലിയുടേതാണ്!
മഴ എന്ന ലെനിൻ രാജേന്ദ്രൻ ചിത്രത്തിനുവേണ്ടി എഴുതിയ ഗേയം ഹരിനാമധേയം... എന്ന സംസ്കൃത ഗാനം യൂസഫലി കേച്ചേരിക്ക് മികച്ച ഗാനരചനയ്ക്കുള്ള രണ്ടായിരത്തിലെ ദേശീയ ചലച്ചിത്ര പുരസ്കാരം നേടിക്കൊടുത്തു. മലയാള സിനിമയുടെ ചരിത്രത്തിൽ യൂസഫലി കേച്ചേരി രചിച്ച മുഴുനീള സംസ്കൃത ഗാനങ്ങൾ മാത്രമാണ് ഉള്ളത് എന്നത് ഏറ്റവും വലിയ സവിശേഷതയും.
മാപ്പിളപ്പാട്ടുകളുടെ അന്തരീക്ഷത്തിൽ വളർന്ന യൂസഫലി എങ്ങനെ സംസ്കൃതത്തിന്റെ അമൃതത്വം സ്വന്തമാക്കി? ഏറെ രസകരമാണ് അക്കഥ. യൂസഫലിയുടെ ഉപ്പ സ്കൂളിൽ പോയിട്ടില്ല. എന്നാൽ വല്യുപ്പ വൈദ്യർ ആയിരുന്നു. അതിനാൽ വീട്ടിൽ സഹജരാദി കഷായത്തിന്റെ ഉൾപ്പെടെയുള്ള ഔഷധങ്ങളുടെ കുറിപ്പുകൾ സൂക്ഷിച്ചിരുന്നു. സംസ്കൃതത്തിലെ ഈ കുറിപ്പുകൾ ബാലനായ യൂസഫലിയിൽ കൗതുകം ജനിപ്പിച്ചു.
അഞ്ചാം ക്ലാസിൽ പഠിക്കുമ്പോഴാണ് സംസ്കൃതം പഠിച്ചു തുടങ്ങുന്നത്. ഇ.പി ഭരത പിഷാരടിയാണ് ആദ്യ ഗുരു. പത്താം ക്ലാസ് കഴിഞ്ഞശേഷം ഭരത പിഷാരടിയുടെ ഗുരുവും പ്രശസ്ത സംസ്കൃത പണ്ഡിതനുമായ കെ. പി. നാരായണ പിഷാരടിയുടെ ശിഷ്യനായി. യൂസഫലിയുടെ ജീവിതത്തെ മാറ്റിമറിച്ച സംസ്കൃത ജ്ഞാനം ഇവിടെ ആരംഭിക്കുന്നു.
സന്ധ്യയ്ക്ക് നിലവിളക്കിന് മുന്നിലിരുന്ന് രാമ: രാമോ രാമ എന്ന് സംസ്കൃതത്തിൽ ഉരുവിടുമ്പോൾ കുടുംബ കാരണവന്മാർ ശകാരിച്ചിരുന്നു. എങ്കിലും അവർ യൂസഫലിയുടെ സംസ്കൃത പഠനത്തെ തടഞ്ഞില്ല. അക്കാലഘട്ടത്തിൽ ജീവിച്ചിരുന്ന മനുഷ്യരുടെ വിശാലമായ ചിന്താഗതിയും സഹിഷ്ണുതയും ഇവിടെ പ്രത്യേകം ഓർമിക്കേണ്ടതാണ്.
സംസ്കൃത പഠനം യൂസഫലിയെ മറ്റൊരു ലോകത്ത് എത്തിച്ചു. മഹാഭാരതം, രാമായണം തുടങ്ങിയ ഇതിഹാസങ്ങൾ പിന്നീട് വായിച്ചു പഠിച്ചു. എല്ലാം ഒന്നാണെന്ന് സത്യത്തിലേക്ക് നടന്നടുത്തു എന്നും യൂസഫലി കേച്ചേരി പറഞ്ഞിരുന്നു.
പാർവണേന്ദുമുഖി പാർവതി.., സാമജ സഞ്ചാരിണി.,. വിശ്വമഹാക്ഷേത്ര സന്നിധിയിൽ... തുടങ്ങി എത്രയോ ചലച്ചിത്ര ഗാനങ്ങൾ രചിക്കാൻ യൂസഫലിയ്ക്കു സാധിച്ചത് പുരാണേതിഹാസങ്ങളുടെ അറിവിൽ നിന്നുതന്നെ. റസൂലേ നിൻ കനവാലെ... എന്നും കാലിത്തൊഴുത്തിൽ പിറന്നവനെ...എന്നും ഒരേ മനസോടെ എഴുതിയ ഗാനരചയിതാവാണ് യൂസഫലി കേച്ചേരി.
ഗുരുവായൂർ ക്ഷേത്രത്തിൽ നിന്ന് അധികം അകലം ഇല്ലാത്ത കേച്ചേരിയിൽ ജനിച്ചു വളർന്ന യൂസഫലി വലിയ ഗുരുവായൂരപ്പ ഭക്തനായിരുന്നു. കൃഷ്ണ കൃപാ സാഗരത്തിൽ അലിഞ്ഞു തന്നെയാണ് കൃഷ്ണ കൃപാസാഗരം.. ഗുരുവായൂപുരം ജനിമോക്ഷകരം...എന്ന് എഴുതിയതും.
Tags : yousaf ali kecheri music news malayalam music