നിഷാന്ത്
മധുര: തനിഷ്ക് ജ്വല്ലറിയിലുണ്ടായ 15 കോടിയുടെ വന്പൻ കവർച്ചയുമായി ബന്ധപ്പെട്ട് മുഖ്യപ്രതി നിഷാ ന്തിനെ ആത്തിയമ്മൻകോട്ടയിൽനിന്നു ധർമപുരി പൊലിസ് അറസ്റ്റ് ചെയ്തു. ബസിൽ മാസ്ക് വച്ചുകയറിയ ആൾ നിഷാന്താണെന്നു തിരിച്ചറിഞ്ഞ ഡ്രൈവറാണ് പോലീസിനെ വിവരമറിയിച്ചത്.
ഈ മാസം 12നുണ്ടായ കവർച്ചയ്ക്കുപിന്നാലെ ഒളിവിൽപോയ ഇയാൾക്കുവേണ്ടി ഒന്പത് പോലീസ് സംഘങ്ങൾ രൂപവത്കരിച്ച് കേരളം, കോയന്പത്തൂർ എന്നിവിടങ്ങളിലായി തെരച്ചിൽ നടത്തിവരികയായിരുന്നു.
സിം കാർഡുകൾ മാറ്റി ഇയാൾ പലയിടങ്ങളിലായി സഞ്ചരിച്ചുകൊണ്ടിരുന്നത് സൈബർ സെൽ പിന്തുടരുന്നുണ്ടായിരുന്നു. ബംഗളൂരുവിൽനിന്ന് സേലത്തേക്കുള്ള ലക്ഷ്വറി ബസിൽ ഞായറാഴ്ച രാത്രി ഒരാൾ മുഖംമൂടി ധരിച്ചു കയറുന്നതിൽ അസ്വാഭാവികത തോന്നിയ ഡ്രൈവർ ധർമപുരി പൊലി സിനെ വിവരമറിയിച്ച് ലൊക്കേഷൻ ഷെയർ ചെയ്തു.
പൊലിസ് പലയിടങ്ങളിലും 23കാരനായ മുഖ്യപ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ് പതിച്ചിട്ടുണ്ടായിരുന്നു. സേസംപട്ടി ബൈപാസിനു സമീപം ചെക്പോസ്റ്റിൽ നിലയുറപ്പിച്ച പോലീസിനെ കണ്ട ഇയാൾ ബസിന്റെ വിൻഡോയിലൂടെ ചാടി രക്ഷപ്പെട്ടു. ഇയാളെ പോലീസ് പിന്തുടർന്നു പിടികൂടുകയായിരുന്നു. നടപടികൾ പൂർത്തിയാക്കി മധുര പൊലിസിനു പ്രതിയെ കൈമാറി.
കവർച്ച നടത്തി അച്ഛൻ സുരേഷ്, സോഷ്യൽമീഡിയ ഇൻഫ്ലുവൻസർ മീനാക്ഷി എന്നിവരുമായി സ്വർണം പങ്കിട്ടശേഷം നിഷാന്ത് ഒളിവിൽ പോകുകയായിരുന്നു. 5.5 കിലോഗ്രാം സ്വർണമാണ് ഇവരിൽനിന്ന് ഇതുവരെ പിടിച്ചെടുക്കാനായത്.
Tags : Dharmapuri police Nishanth Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash