ലക്നോ: യുപിയിലെ മോഹനലാൽഗഞ്ചിൽ യുവതിയെയും കാഴ്ചപരിമിതിയുള്ള മകനെയും കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ. സിസെണ്ടി സ്വദേശി കിഷൻ റാവത്ത് (35) ആണ് യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ശേഷം മകനെയും കൊന്നത്.
പ്രതിയും കൊല്ലപ്പെട്ട യുവതിയും തമ്മിൽ സാമ്പത്തിക തർക്കം ഉണ്ടായിരുന്നതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. കിഷൻ യുവതിക്ക് കുറച്ച് പണം കടം കൊടുത്തിരുന്നു. അത് തിരികെ നൽകാൻ നിരന്തരം ആവശ്യപ്പെട്ടിരുന്നതിനെ തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിൽ അവസാനിച്ചത്. യുവതിയെ രക്ഷിക്കാൻ ശ്രമിച്ച മകനെയും ഇയാൾ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി.
പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നതിനുശേഷമാണ് യുവതി പീഡനത്തിനിരയായ വിവരം പുറത്ത് വന്നത്. കൊലപാതകം നടക്കുന്നതിന് മണിക്കൂറുകൾക്ക് മുന്പ് കിഷൻ യുവതിയെ സന്ദർശിച്ചതായി സിസിടിവി ദൃശ്യങ്ങളിൽ നിന്നും കണ്ടെത്തിയിരുന്നു.
തെളിവുകളുടെ അടിസ്ഥാനത്തിൽ പ്രതിയെ പോലീസ് പിടികൂടുന്നതിനിടെ ഇയാൾ വെടിവയ്ക്കുകയും ഒരു പോലീസ് ഉദ്യോഗസ്ഥന് പരിക്കേൽക്കുകയും ചെയ്തു. സ്വയ രക്ഷയ്ക്കായി മറ്റൊരു പോലീസ് ഉദ്യോഗസ്ഥൻ ഇയാളുടെ കാലിൽ വെടിവയ്ക്കുകയും ഇതേ തുടർന്ന് പരിക്കേറ്റ് വീഴുകയും ചെയ്തു.
ഇയാളെ കസ്റ്റഡിയിലെടുത്ത ശേഷം ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോയിരിക്കുകയാണെന്ന് പോലീസ് പറഞ്ഞു.
Tags : murder accused arrest encounter