ഹൈദരാബാദ്: നഗരത്തിൽ വ്യാപകമായി വ്യാജവും ഗുണനിലവാരമില്ലാത്തതുമായ പനീർ വിൽക്കുന്ന സംഘത്തെ ഹൈദരാബാദ് കമ്മീഷണറുടെ ടാസ്ക് ഫോഴ്സ് പിടികൂടി. വിവിധ ഇടങ്ങളിൽ നടത്തിയ പ്രത്യേക റെയ്ഡുകളിൽ ഏകദേശം 825 കിലോ വ്യാജ പനീറാണ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്.
ഹൈദരാബാദ് നഗരത്തിലെ 45 ഭക്ഷണശാലകളിലും എട്ട് ഭക്ഷ്യോത്പാന്ന നിർമാണശാലകളിലുമാണ് പോലീസിന്റെ പ്രത്യേകസംഘം പരിശോധന നടത്തിയത്. ഈ സ്ഥാപനങ്ങളിൽ പനീർ, മലായ് പനീർ, മിൽക്ക് പനീർ, ഫ്രഷ് പനീർ തുടങ്ങിയ ലേബലുകളിൽ വിൽപന നടത്തിയിരുന്നത് വ്യാജ പനീനായിരുന്നു. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് എത്തിക്കുന്ന ഇത്തരം ഉത്പന്നങ്ങൾ ലൈസൻസോ കൃത്യമായ വിവരങ്ങളോ ഇല്ലാതെ പ്രീമിയം പനീർ എന്ന പേരിൽ വിൽകുന്നതായും അധികൃതർ കണ്ടെത്തി.
അമിതമായി വെള്ളം, പാൽ ഉത്പന്നങ്ങളല്ലത്ത കൊഴുപ്പുകൾ, ഗുണനിലവാരമില്ലാത്തതോ കൃത്രിമമായി ഉണ്ടാക്കിയതോ ആയ പാൽ, കൂടാതെ ഭക്ഷണത്തിൽ ഉപയോഗിക്കാൻ പടില്ലാത്ത രാസവസ്തുക്കൾ എന്നിവ ചേർത്തതായി പരിശോധനയിൽ കണ്ടെത്തി. വരും ദിവസങ്ങളിലും നഗരത്തിലെ ഭക്ഷണശാലകളിലും പരിശോധന തുടരുമെന്ന് പോലീസ് പറഞ്ഞു. ഭക്ഷ്യസുരക്ഷാ നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ നടപടി എടുക്കുമെന്നും പോലീസ് മുന്നറിയിപ്പ് നൽകി.
Tags : police Hyderabad fake paneer