സുപ്രീം കോടതി
ന്യൂഡൽഹി: കേരള വഖഫ് ബോർഡിൽ നയപരവും നിർണായകവുമായ തീരുമാനമെടുക്കാൻ ഹൈക്കോടതിയുടെ മുൻകൂർ അനുമതി വേണമെന്ന നിർദേശം നിലനിൽക്കുമെന്ന് സുപ്രീംകോടതി.
എന്നാൽ സർക്കാർ ജോയിന്റ് സെക്രട്ടറിയുടെ മേൽനോട്ടത്തിൽ വഖഫ് ബോർഡ് പ്രവർത്തിക്കണം എന്ന കേരള ഹൈക്കോടതിയുടെ ഉത്തരവ് നീക്കം ചെയ്യാൻ സുപ്രീംകോടതി നിർദേശിച്ചു. ബോർഡ് നടപടികൾ സ്റ്റേ ചെയ്തതിൽ ഇടപെടാൻ സുപ്രീംകോടതി വിസമ്മതിച്ചു.
വഖഫ് ബോർഡ് കേസിൽ എല്ലാവരുടെയും വാദം കേട്ട് ഉടൻ തീർപ്പ് കൽപ്പിക്കാൻ കേരള ഹൈക്കോടതിയോട് സുപ്രീംകോടതി നിർദേശിച്ചു. ഹൈക്കോടതി നിർദേശം ഇടക്കാല ഉത്തരവാണെന്നും അതിനാൽ വിഷയത്തിൽ ഇടപെടാൻ ആകില്ലെന്നും സുപ്രീംകോടതി ചീഫ് ജസ്റ്റീസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
ഹൈക്കോടതിയുടെ അനുമതിയില്ലാതെ നയപരമായതോ പ്രധാനപ്പെട്ടതോ ആയ തീരുമാനങ്ങൾ ബോർഡ് എടുക്കാൻ പാടില്ലെന്നും മൂലധന ചെലവുകൾ ഉണ്ടാക്കരുതെന്നുമായിരുന്നു ഹൈക്കോടതിയുടെ മുൻ ഉത്തരവ്. ഇതിന് പുറമെ വഖഫ് കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന ജോയിന്റ് സെക്രട്ടറിയുടെ മേൽനോട്ടത്തിൽ തത്കാലം ബോർഡ് പ്രവർത്തിക്കട്ടെ എന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഇതിനെതിരേയാണ് സംസ്ഥാന വഖഫ് ബോർഡ് സുപ്രീംകോടതിയെ സമീപിച്ചത്.
Tags : SupremeCourt KeralaHighCourt order KeralaWaqfBoard Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash