പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: കടുത്ത നിയന്ത്രണങ്ങളും ജാഗ്രതാ നിർദേശങ്ങളും കാറ്റിൽപ്പറത്തി ഡൽഹിയിൽ വായുമലിനീകരണം അതിരൂക്ഷം. ദീപാവലി ആഘോഷങ്ങൾക്ക് പിന്നാലെ രൂപപ്പെട്ട കനത്ത പുകമഞ്ഞ് തലസ്ഥാന നഗരിയെ പൂർണമായും വിഴുങ്ങി. മലിനീകരണത്തിന്റെ തോത് 'അതീവ ഗുരുതര' വിഭാഗത്തിലാണെന്ന് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് വ്യക്തമാക്കുന്നു.
ഗ്രേഡഡ് റെസ്പോൺസ് ആക്ഷൻ പ്ലാനിന്റെ മൂന്നാം ഘട്ട നിയന്ത്രണങ്ങൾ നിലവിലിരിക്കെയാണ് ഡൽഹിയിലെയും എൻസിആറിലെയും സ്ഥിതി ഇത്രയും ഭീകരമായി തുടരുന്നത്. രാവിലെ 8.10-ന് ഡൽഹിയിലെ ശരാശരി വായു ഗുണനിലവാര സൂചിക 483 ആയി കുതിച്ചുയർന്നു. നഗരത്തിലെ പതിനഞ്ചിലധികം നിരീക്ഷണ കേന്ദ്രങ്ങളിൽ എക്യൂഐ 400-ന് മുകളിലാണ് രേഖപ്പെടുത്തിയത്. ഷഹ്ദരയിൽ വായുഗുണനിലവാരം 1000-ത്തിന് മുകളിലേക്കാണ് ഉയർന്നിരിക്കുന്നത്.
കട്ടി കൂടിയ വിഷപ്പുക പ്രധാന പാതകളെയും ജനവാസ മേഖലകളെയും പൂർണമായി മറച്ചിരിക്കുകയാണ്. പ്രശസ്തമായ അക്ഷർധാം ക്ഷേത്രം തൊട്ടടുത്ത മേൽപാലത്തിൽ നിന്നു നോക്കിയാൽ പോലും കാണാൻ കഴിയാത്ത വിധം പുകമഞ്ഞിൽ മറഞ്ഞുപോയി. ഡൽഹി-നോയിഡ അതിർത്തിയിലും ഇന്ദർലോകിലും കാഴ്ചാപരിധി കുറഞ്ഞതിനാൽ പകൽ സമയത്തുപോലും വാഹനങ്ങൾ ഹെഡ്ലൈറ്റ് തെളിച്ചാണ് സർവീസ് നടത്തുന്നത്.
യാത്രക്കാരിൽ പലർക്കും കണ്ണിൽ രൂക്ഷമായ നീറ്റൽ, കടുത്ത തലവേദന, ശ്വാസതടസം എന്നിവ അനുഭവപ്പെടുന്നതായി പരാതി ഉയരുന്നുണ്ട്. കാലാവസ്ഥാ ഘടകങ്ങൾ തുടർന്നും പ്രതികൂലമായി തുടരുന്നതിനാൽ വരും മണിക്കൂറുകളിൽ സ്ഥിതി കൂടുതൽ വഷളായേക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
Tags : AirPollution Diwali Delhi