ന്യൂഡൽഹി: പരീക്ഷാ ക്രമക്കേടിനെതിരേ ഡൽഹി ജന്തർ മന്തറിലും വിവിധ സംസ്ഥാനങ്ങളിലും പ്രതിഷേധിച്ച വിദ്യാർഥികൾക്കെതിരേ പോലീസ് നടത്തിയ അതിക്രമവും സുരക്ഷാ ഉദ്യോഗസ്ഥർ നേരിട്ട അക്രമങ്ങളും അന്വേഷിക്കാൻ സുപ്രീംകോടതി ഉന്നതതല അന്വേഷണസമിതി രൂപവത്കരിക്കും. ഇതുസംബന്ധിച്ച വിശദമായ ഉത്തരവ് ചീഫ് ജസ്റ്റീസ് സൂര്യകാന്ത്, ജസ്റ്റീസുമാരായ ജോയ്മല്യ ബാഗ്ചി, വി.മോഹന എന്നിവരടങ്ങിയ ബെഞ്ച് ഇന്ന് പുറപ്പെടുവിക്കും.
ഇതോടൊപ്പം വിദ്യാർഥികൾക്കെതിരേ രജിസ്റ്റർ ചെയ്ത പിൻവലിക്കാത്ത എഫ്ഐആറുകൾ റദ്ദാക്കുന്നതിന് സുപ്രീംകോടതിയുടെ പ്രത്യേക അധികാരം ഉപയോഗിക്കുന്നത് പരിഗണിക്കുമെന്നും ചീഫ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. വിദ്യാർഥികളുടെ ഭാവി കണക്കിലെടുത്താണു നടപടിയെന്നും ബെഞ്ച് പറഞ്ഞു.
സുപ്രീംകോടതി റിട്ട. ജഡ്ജി, ഹൈക്കോടതി മുൻ ചീഫ് ജസ്റ്റീസ്, റിട്ട. പോലീസ് ഉദ്യോഗസ്ഥൻ എന്നിവരടങ്ങുന്നതായിരിക്കും സമിതി. പ്രതിഷേധത്തിനിടയിൽ വനിതാ പ്രതിഷേധക്കാർക്കെതിരേയുണ്ടായ ലൈംഗിക അതിക്രമങ്ങൾ, സമൂഹമാധ്യമങ്ങൾ വഴിയുള്ള അധിക്ഷേപങ്ങൾ, ദുർബലവിഭാഗങ്ങൾക്കു നേരേയുണ്ടായ അതിക്രമങ്ങൾ എന്നിവയും സമിതി അന്വേഷിക്കും.
കണ്ടെത്തലുകളടങ്ങിയ ഇടക്കാല റിപ്പോർട്ട് സമിതി സുപ്രീംകോടതിയിൽ സമർപ്പിക്കണം. അന്വേഷണസമിതിയുടെ കണ്ടെത്തൽ പ്രകാരം ആരെങ്കിലും കുറ്റക്കാരാണെന്നു കണ്ടെത്തിയാൽ അവർക്കെതിരേ മുഖം നോക്കാതെ കർശന നടപടി സ്വീകരിക്കുമെന്നും കോടതി വ്യക്തമാക്കി.
പരാതികളുമായി ഹർജിക്കാർക്ക് സമിതിയെ നേരിട്ടു സമീപിക്കാം. അല്ലാത്തപക്ഷം കോടതിയിൽ പരാതി ഉന്നയിക്കാമെന്നും ബെഞ്ച് പറഞ്ഞു. പ്രതിഷേധസ്ഥലത്തു പോലീസ് ഫേഷ്യൽ റെക്കഗ്നിഷൻ സംവിധാനം ഉപയോഗിച്ചത് ഹർജിക്കാർ ചോദ്യം ചെയ്തിരുന്നു. ഇതുസംബന്ധിച്ച ഭരണഘടനാ ചോദ്യങ്ങൾ സമിതിയുടെ ഇടക്കാല റിപ്പോർട്ടിനുശേഷം സുപ്രീംകോടതിതന്നെ നേരിട്ടു തീരുമാനിക്കുമെന്ന് ബെഞ്ച് വ്യക്തമാക്കി.
പോലീസിന്റെ വാദം
പ്രതിഷേധം സാമൂഹികവിരുദ്ധരും കുറ്റവാളികളും കൈയടക്കിയതാണ് ക്രമസമാധാന തകർച്ചയ്ക്കു കാരണമായതെന്ന് ഡൽഹി പോലീസ് കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. ജന്തർ മന്തറിലുണ്ടായിരുന്ന 30,000ത്തോളം പ്രതിഷേധക്കാരിൽ 2,873 പേർക്കു ക്രിമിനൽ പശ്ചാത്തലമുണ്ടെന്നും 20ലേറെ പോലീസുകാർക്കു പരിക്കേറ്റതായും പോലീസ് അറിയിച്ചു. അന്വേഷണസമിതിയോട് പൂർണമായും സഹകരിക്കുമെന്നും പോലീസ് കോടതിയെ ബോധിപ്പിച്ചു. പ്രായപൂർത്തിയാകാത്തവർക്കെതിരേ കേസെടുത്തിട്ടില്ലെന്ന് കേരളവും കോടതിയെ അറിയിച്ചിട്ടുണ്ട്.
Tags : Deepika DeepikaNewspaper BreakingNews Student protests High-level inquiry committee