ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടൻ വിജയിയുടെ പാർട്ടിയായ തമിഴക വെട്രി കഴകത്തെ എൻഡിഎ സഖ്യത്തിലേക്ക് എത്തിക്കാനുള്ള നീക്കങ്ങൾ പ്രതിസന്ധിയിൽ. സൂപ്പർസ്റ്റാർ രജനീകാന്തുമായി ബന്ധപ്പെട്ട ചില രാഷ്ട്രീയ നീക്കങ്ങളാണ് ചർച്ചകൾ വഴിമുട്ടാൻ പ്രധാന കാരണമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
ഡിഎംകെ വിരുദ്ധ വോട്ടുകൾ ഏകീകരിക്കുക ലക്ഷ്യമിട്ട് വിജയിയുടെ പാർട്ടിയെ തങ്ങളുടെ സഖ്യത്തിലേക്ക് കൊണ്ടുവരാൻ എൻഡിഎ താത്പര്യം പ്രകടിപ്പിച്ചിരുന്നു. രജനീകാന്തിനെ സഖ്യത്തിന്റെ മുഖമായി ഉയർത്തിക്കാട്ടാനോ പിന്തുണ ഉറപ്പാക്കാനോ ഉള്ള എൻഡിഎയുടെ നീക്കങ്ങൾ വിജയിയുടെ പാർട്ടിയിൽ അതൃപ്തി ഉണ്ടാക്കിയതായി പറയപ്പെടുന്നു.
തമിഴ് രാഷ്ട്രീയത്തിൽ സ്വന്തമായ ഇടം കണ്ടെത്താൻ ശ്രമിക്കുന്ന വിജയ്, മറ്റൊരു സൂപ്പർതാരത്തിന്റെ നിഴലിൽ നിൽക്കാൻ ആഗ്രഹിക്കുന്നില്ല എന്നതാണ് ഇതിന് പിന്നിലെ സൂചന. നിലവിൽ ഒരു ദ്രാവിഡ പാർട്ടിയുമായും ദേശീയ പാർട്ടിയുമായും സഖ്യത്തിനില്ലെന്ന നിലപാടാണ് വിജയ് നേരത്തെ സ്വീകരിച്ചിരുന്നത്. എൻഡിഎയുടെ ഭാഗത്ത് നിന്നുള്ള അനുനയ നീക്കങ്ങൾ സജീവമായിരുന്നെങ്കിലും രജനീകാന്തിന്റെ പേര് വന്നതോടെ ചർച്ചകൾ മന്ദഗതിയിലായി.
Tags : TVK NDA Rajinikanth