ഡാളസ് (ടെക്സസ്): ചർച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ (സിഎസ്ഐ) ചരിത്രത്തിൽ പുതിയൊരു നാഴികക്കല്ല് കുറിച്ചുകൊണ്ട്, നോർത്ത് അമേരിക്കയിലെ 35-ാമത് സിഎസ്ഐ ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസിനും പുതിയ സിഎസ്ഐ ഡയാസ്പോറ ഡയോസിസ് ഓഫ് നോർത്ത് അമേരിക്കയുടെ പ്രഥമ ഡയോസിസൻ കൗൺസിലിനും പ്രൗഢഗംഭീരമായ സമാപനം.
ഡാളസിലെ ലവ് ഓഫ് ക്രൈസ്റ്റ് സിഎസ്ഐ സഭയുടെ ആതിഥേയത്വത്തിൽ നാല് ദിവസങ്ങളിലായി സംഘടിപ്പിച്ച ഈ സംഗമത്തിൽ നോർത്ത് അമേരിക്ക, ഇന്ത്യ തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി അഞ്ഞൂറിലധികം പ്രതിനിധികളും സഭാമേലധ്യക്ഷന്മാരും പങ്കെടുത്തു.
"ക്രിസ്തുവിൽ തലമുറകളെ വളർത്തുക, ഒന്നിപ്പിക്കുക' (സങ്കീർത്തനങ്ങൾ 145:4) എന്നതായിരുന്നു ഇത്തവണത്തെ പ്രമേയം.

വർണാഭമായ ഘോഷയാത്രയും ഉദ്ഘാടനവും: ബാൻഡ് മേളവും പതാകകളും ഏന്തി 400-ലധികം ആളുകൾ അണിനിരന്ന റാലിയോടെയായിരുന്നു തുടക്കം. സിഎസ്ഐ മോഡറേറ്റർ മോസ്റ്റ് റവ. ഡോ. കെ. റൂബൻ മാർക്കിന്റെ നേതൃത്വത്തിൽ പ്രാരംഭ ആരാധന നടന്നു.
വിശിഷ്ട സാന്നിധ്യം: റൈറ്റ് റവ. എ. പോൾ ഫ്രാൻസിസ് രവിചന്ദ്രൻ, റൈറ്റ് റവ. ഡോ. റോയ്സ് മനോജ് വിക്ടർ, റൈറ്റ് റവ. ഡോ. വിൻസെന്റ് വിനോദ് കുമാർ, റൈറ്റ് റവ. ഹേമചന്ദ്ര കുമാർ എന്നീ ബിഷപ്പുമാരും മാർത്തോമ്മാ, എപ്പിസ്കോപ്പൽ, യുണൈറ്റഡ് മെത്തഡിസ്റ്റ് തുടങ്ങി വിവിധ സഭാ പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു.
സാംസ്കാരിക സന്ധ്യയും പ്രഭാഷണങ്ങളും: സുവിശേഷ ഗായകൻ ബ്രദർ ജോളി അബ്രഹാം, മെഴ്സി തോമസ് എന്നിവരുടെ ഗാനസന്ധ്യയും അന്താരാഷ്ട്ര പ്രഭാഷകൻ ഡോ. സാം ജോർജ്, ബിഷപ് എ. പോൾ ഫ്രാൻസിസ് രവിചന്ദ്രൻ എന്നിവരുടെ സന്ദേശങ്ങളും മേളയ്ക്ക് മാറ്റുകൂട്ടി.

ചരിത്രപരമായ പ്രഥമ കൗൺസിൽ: നോർത്ത് അമേരിക്കയിലെ സിഎസ്ഐ സഭകളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി രൂപീകരിച്ച ഡയാസ്പോറ ഡയോസിസിന്റെ ആദ്യ ഭരണഘടനാധിഷ്ഠിത കൗൺസിൽ യോഗം സമ്മേളനത്തിന്റെ ഭാഗമായി ചേർന്നു. സഭയുടെ വളർച്ചയ്ക്കായി പ്രവർത്തിച്ച മുൻകാല നേതാക്കളെ ആദരിച്ചു.
അഞ്ച് ബിഷപ്പുമാരുടെയും വൈദികരുടെയും നേതൃത്വത്തിൽ നടന്ന ദിവ്യബലി ആരാധനയോടെയും വിശിഷ്ട ഗായകസംഘത്തിന്റെ ഗാനാലപനത്തോടെയുമാണ് ആത്മീയ സമ്മേളനങ്ങൾ സമാപിച്ചത്.