ബെർലിൻ: ജർമൻ തലസ്ഥാനമായ ബെർലിനിൽ ക്രിസ്റ്റഫർ സ്ട്രീറ്റ് ഡേ ആഘോഷങ്ങൾക്കിടെ ശനിയാഴ്ച രാത്രി നടന്ന വാഹനഭീകരാക്രമണത്തിൽ ഒരു സ്ത്രീ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
പോട്സ്ഡാമർ പ്ലാറ്റ്സിന് സമീപം ജനക്കൂട്ടത്തിലേക്ക് വാൻ ഇടിച്ചുകയറിയ ശേഷമാണ് ആക്രമണം നടന്നത്. തുടർന്ന് പ്രതി ആയുധവുമായി രക്ഷപ്പെട്ടതായി പോലീസ് അറിയിച്ചു.
സംഭവം ഇസ്ലാമിസ്റ്റ് ഭീകരാക്രമണമായാണ് ജർമൻ ആഭ്യന്തര മന്ത്രാലയം അന്വേഷിക്കുന്നത്. 21 വയസുകാരനായ അബ്ദുൾ ബലൂട്ട് എന്ന ജർമൻ പൗരനാണ് മുഖ്യപ്രതിയെന്ന് പോലീസ് തിരിച്ചറിഞ്ഞു.
ലെബനൻ വംശജനായ ഇയാൾ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ളയാളാണെന്നും മുൻപ് തീവ്രവാദവുമായി ബന്ധപ്പെട്ട കേസുകളിൽ അന്വേഷണവിധേയനായിരുന്നുവെന്നും അധികൃതർ അറിയിച്ചു.
വാഹനം മരത്തിൽ ഇടിച്ചുനിന്നതിന് പിന്നാലെ കൊടുവാളും മൂർച്ചയുള്ള ആയുധവും കൈവശമാക്കി ഇയാൾ രക്ഷപ്പെട്ടതായി പോലീസ് അറിയിച്ചു. ഇയാൾ അതീവ അപകടകാരിയാണെന്നും നേരിട്ട് സമീപിക്കാതെ ഉടൻ പോലീസിനെ വിവരം അറിയിക്കണമെന്നും മുന്നറിയിപ്പ് നൽകിയിരുന്നു.
ആക്രമണത്തിന് പിന്നാലെ പ്രതിയുടെ വസതിയിൽ പ്രത്യേക സേന പരിശോധന നടത്തി. സംഭവത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്ന കാര്യത്തിലും അന്വേഷണം പുരോഗമിക്കുകയാണ്.
ബെർലിനിലുടനീളം സുരക്ഷ ശക്തമാക്കിയ പോലീസ് റെയിൽവേ സ്റ്റേഷനുകളിലും വിമാനത്താവളങ്ങളിലുമടക്കം പരിശോധന കർശനമാക്കി. പ്രതിക്കായി രാജ്യവ്യാപകമായും യൂറോപ്യൻ സുരക്ഷാ ഏജൻസികളുമായി സഹകരിച്ചും തെരച്ചിൽ ആരംഭിച്ചു.
സാറ കോണറെ സുരക്ഷിതയാക്കി: ആക്രമണത്തിന് തൊട്ടുമുമ്പ് മുഖ്യവേദിയിൽ പ്രകടനം നടത്തുകയായിരുന്ന പ്രശസ്ത ജർമൻ ഗായിക സാറ കോണറെ സുരക്ഷാ ഉദ്യോഗസ്ഥർ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി. സംഭവത്തിൽ കടുത്ത ദുഃഖം രേഖപ്പെടുത്തി അവർ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രതികരിച്ചു.
ജർമൻ ചാൻസലർ ഫ്രിഡ്രിഷ് മെർട്സും ബെർലിൻ മേയർ കൈ. വെഗ്നറും ആക്രമണത്തെ ശക്തമായി അപലപിച്ചു. സ്വാതന്ത്ര്യത്തിനും ജനാധിപത്യ മൂല്യങ്ങൾക്കും നേരെയുള്ള ആക്രമണമാണിതെന്നും കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും അവർ വ്യക്തമാക്കി.
Tags :